ന്യൂഡൽഹി: പാകിസ്താന്‍റെ പിടിയിലുള്ള വ്യോമസേനാ പൈലറ്റിനെ വിട്ടുകിട്ടാൻ ഒരു തരത്തിലുമുള്ള ധാരണക്ക് തയാറല്ലെന്ന് ഇന്ത്യ. പിടിയിലുള്ള പൈലറ്റിനെ നിരുപാധികവും വേഗത്തിലും കൈമാറണമെന്നും ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐയാണ് ഇന്ത്യൻ നിലപാട് റിപ്പോർട്ട് ചെയ്തത്.
അതേസമയം, പൈലറ്റിനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് ഷാ മെഹ്മൂദ് ഖുറേഷി പാക് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ പൈലറ്റിനെ യുദ്ധകുറ്റവാളി എന്ന നിലയിൽ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ രണ്ട് ദിവസത്തുള്ളിൽ തീരുമാനമെടുക്കുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പാക് വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പെട്ട മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. തകർന്ന വിമാനത്തിൽ നിന്ന് സുരക്ഷിതനായി ഇറങ്ങിയെങ്കിലും അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.