ന്യൂഡൽഹി: സ്നേഹവും വിവേകവും ഒത്തിണങ്ങിയ ഒരു യുവതി ഒപ്പംവരുന്ന കാലത്ത് തന്റെ വിവാഹം നടക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേളി ടേൽസിലെ യൂട്യൂബറായ കാമില ജാനിക്ക് രാഷ്ട്രീയം ഒഴിവാക്കി വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് നൽകിയ അഭിമുഖത്തിലാണ് 52കാരനായ രാഹുൽ മനസ്സു തുറന്നത്. മാതാപിതാക്കളുടേത് ശരിക്കുമൊരു പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട്, തന്റെ വിവാഹ കാര്യത്തിൽ കടമ്പ ഉയർന്നതാണ്. സ്നേഹിക്കാൻ കഴിയുന്ന പെണ്ണ് വരട്ടെ -രാഹുൽ പറഞ്ഞു.
കശ്മീരി പണ്ഡിറ്റ് കുടുംബമാണ് തന്റേത്. അവിടെ നിന്ന് അലഹബാദിലെത്തി. മുത്തച്ഛൻ (ഫിറോസ് ഗാന്ധി) പാഴ്സിയായിരുന്നു. അതുകൊണ്ട് ഞാൻ പൂർണമായും സങ്കരം.
രാവിലെ ഒരു കപ്പ് കാപ്പി ഇഷ്ടം. ലഘുഭക്ഷണക്കാരനല്ല. പക്ഷേ, ചക്ക ഇഷ്ടമല്ല; മട്ടറും. നോൺ-വെജിറ്റേറിയൻ ഇഷ്ടം. മട്ടൻ, ചിക്കൻ, മീൻ -എല്ലാം ഓകെ. നാടൻ ഭക്ഷണമാണ് പൊതുവെ ഇഷ്ടം. ഭക്ഷണം നിയന്ത്രിക്കാറുണ്ട്. കൂടുതൽ മധുരം കഴിക്കാറില്ല. ഐസ് ക്രീം ഇഷ്ടമാണ്.
കൂട്ടുകാർക്കൊപ്പം ഒരുപാടു ദൂരത്തേക്ക് സൈക്കിൾ സവാരി പോകുമായിരുന്നു. യൂറോപ്പിലുള്ളപ്പോൾ, ഇറ്റലിയിൽ തലങ്ങും വിലങ്ങും സൈക്കിളിൽ പോയിട്ടുണ്ട്. സൈക്കിൾ സവാരി പെരുത്ത് ഇഷ്ടം. ആയോധന കലയും ഇഷ്ടം. ജപ്പാന്റെ ‘ഐകിഡോ’യിൽ ബ്ലാക് ബെൽറ്റുണ്ട്. ഡൈവിങ് -അത് കേരളത്തിൽ എത്തിയപ്പോഴും ചെയ്തിട്ടുണ്ട്.
ഡാഡിയും ഡാഡിയുടെ അമ്മയും കൊല്ലപ്പെടുകയായിരുന്നു. തടവു ജീവിതം പോലെയായിരുന്നു വിദ്യാഭ്യാസ കാലം. ഡാഡിയുടെ അമ്മ മരിച്ചതോടെ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. മുത്തശ്ശിയുടെ മരണം വരെ ബോർഡിങ് സ്കൂളിൽ പോയി. സെന്റ് സ്റ്റീഫൻസിൽ ഹിസ്റ്ററി പഠിച്ചു. പിന്നെ ഹാർവഡ് യൂനിവേഴ്സിറ്റിയിൽ ഇന്റർനാഷനൽ റിലേഷൻസ്. ഫ്ലോറിഡയിലെ റോളിൻസ് കോളജിൽ പോയി ഇക്കണോമിക്സ്. കാംബ്രിജ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡെവല്പ്മെന്റ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ്.
24-25 വയസ്സുള്ളപ്പോഴാണ് ആദ്യം പണിയെടുത്തതിന്റെ കൂലി കിട്ടിയത്. ലണ്ടനിലെ ഒരു കൺസൾട്ടിങ് കമ്പനിയിൽ നിന്ന് 3,000 പൗണ്ട്.
തപസ്യ നമ്മുടെ സംസ്കാരത്തിന്റെ പ്രധാനമായൊരു ഭാഗമാണ്. സ്വയം മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും അതിലൂടെ കഴിയും. അതും ഈ യാത്രക്കു പിന്നിലെ മറ്റൊരു ചിന്തയാണ്. തനിക്കൊപ്പം ഈ തപസ്യയിൽ ഒരുപാട് ആളുകളുണ്ട്. ഒറ്റക്കല്ല.
വിദ്യാഭ്യാസ സമ്പ്രദായം മാറ്റും. ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കും. കർഷകരും തൊഴിലില്ലാത്ത ചെറുപ്പക്കാരടക്കം, വിഷമസ്ഥിതിയിലൂടെ കടന്നുപോകുന്ന ജനങ്ങളെ സംരക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.