ചെന്നൈ: സ്വന്തം അഭിപ്രായം പറയുന്നതിൽ നിന്ന് നടൻ കമൽ ഹാസനെ തടയാൻ യാതൊന്നിനും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. കന്നടഡയുമായി ബന്ധപ്പെട്ട ഭാഷാ തർക്കത്തിൽ കുടുങ്ങിയിട്ടും ദക്ഷിണേന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മക്കൾ നീതി മയ്യം മേധാവി രംഗത്തുവന്നു.
അദ്ദേഹത്തിന്റെ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ റിലീസിനെയടക്കം ബാധിച്ച ഒരു വലിയ ഭാഷാ വിവാദം കെട്ടടങ്ങും മുമ്പാണിത്. കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിൽ ‘ഞാൻ പഞ്ചാബിനൊപ്പവും കർണാടകക്കൊപ്പവും ആന്ധ്രക്കൊപ്പവും നിൽക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ‘അടിച്ചേൽപ്പിക്കരുത്. അടിച്ചേൽപ്പിക്കാതെ നമ്മൾ പഠിക്കും. കാരണം ഇത് ആത്യന്തികമായി വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലേക്കുള്ള ഏറ്റവും ചെറിയ വഴി കണ്ടെത്തി അത് നാം സ്വീകരിക്കണം. അതിന് തടസ്സങ്ങൾ സൃഷ്ടിക്കരുത്’ എന്നായിരുന്നു നടന്റെ വാക്കുകൾ.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം കേന്ദ്രം അവതരിപ്പിച്ച ത്രിഭാഷാ നയത്തെ ഏറെക്കാലമായി എതിർക്കുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പാർട്ടി ആവർത്തിച്ച് ആരോപിക്കുന്നു.
കന്നഡ തമിഴിൽ നിന്നാണ് ജനിച്ചതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറിന്റെ 65 വർഷത്തെ കരിയറിലെ 234-ാമത്തെ ചിത്രമായ ‘തഗ് ലൈഫ്’ ഈ ആഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അദ്ദേഹം ക്ഷമാപണം നടത്താൻ വിസമ്മതിച്ചതിനാൽ ചിത്രം കർണാടകയിൽ റിലീസ് ചെയ്തില്ല.
‘ഞാൻ ഏക് ദുജെ കെ ലിയേയിലെ നടനാണ്’ -1981ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആൺകുട്ടിയുടെ ഹിന്ദി സംസാരിക്കുന്ന അയൽക്കാരിയുമായുള്ള പ്രണയത്തെ കുറിച്ചുള്ള തന്റെ ഹിറ്റ് ഹിന്ദി ചിത്രത്തെ പരാമർശിച്ചുകൊണ്ട് കമൽ ഹാസൻ പി.ടി.ഐയോട് പറഞ്ഞു.
ചെന്നൈയിൽ നടന്ന ഒരു പ്രമോഷൻ പരിപാടിക്കിടെയുള്ള കമലിന്റെ കന്നഡ-തമിഴ് പരാമർശത്തിന് ക്ഷമാപണം നടത്തിയില്ലെങ്കിൽ ‘തഗ് ലൈഫ്’ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എഫ്.സി.സി) പറഞ്ഞിരുന്നു.
1987ൽ പുറത്തിറങ്ങിയ ‘നായകൻ’ എന്ന ചിത്രത്തിന് ശേഷം മണിരത്നവുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ അദ്ദേഹത്തിന്റെ ബാനറായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ കർണാടക ഹൈകോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തു. ഈ പരാമർശത്തിനെതിരെ കോടതിയിൽ നിന്നുള്ള വിമർശനത്തിനു പിന്നാലെ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കളും പറഞ്ഞു.
ഒരു പ്രത്യേക ഭാഷ അടിച്ചേൽപ്പിക്കുന്നത് പഠന പ്രക്രിയയെ തടസ്സപ്പെടുത്തുകയേ ഉള്ളൂ എന്ന് ഊന്നിപ്പറഞ്ഞ 70കാരൻ, ‘ഞാൻ പഞ്ചാബിനൊപ്പമാണ്. ഞാൻ കർണാടകക്കൊപ്പമാണ്. ഞാൻ ആന്ധ്രക്കൊപ്പമാണ്. അടിച്ചേൽപ്പിക്കലിനെ എതിർക്കുന്ന സ്ഥലം ഇതു മാത്രമല്ല’ എന്ന് തമിഴ്നാടിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.
‘ഇംഗ്ലീഷ് ഭാഷ മതിയായതാണെന്ന് തോന്നുന്നു. നിങ്ങൾക്ക് സ്പാനിഷ് അല്ലെങ്കിൽ ചൈനീസ് ഭാഷയും ഉപയോഗിക്കാം. എന്നാൽ, അതിലേക്കുള്ള ഏറ്റവും ചെറിയ വഴി നമുക്ക് 350 വർഷത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സാവധാനം എന്നാൽ സ്ഥിരതയോടെ ലഭിക്കുന്നു എന്നതാണ്. അതിനാൽ പെട്ടെന്ന് അത് മാറ്റിസ്ഥാപിക്കുമ്പോൾ എല്ലാം വീണ്ടും തുടങ്ങണം. നിങ്ങൾ അനാവശ്യമായി ധാരാളം ആളുകളെ നിരക്ഷരരാക്കുന്നു. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ’ -കമൽ വ്യക്തമാക്കി.
അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തെലുങ്ക്, ഉറുദു, ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി എന്നിവ കൂടാതെ രാജ്യത്തെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് തമിഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.