‘നിങ്ങളുടെ അച്ഛനെ ഈ നിലയിലാക്കിയത് ഞാനാണ്’ -ബിഹാർ നിയമസഭയിൽ നിതീഷ് കുമാറും തേജസ്വിയും തമ്മിൽ വാക്പോര്

ന്യൂഡൽഹി: ബിഹാർ നിയമസഭയിൽ മുഖ്യമന്ത്രി നിതീഷ് കുമാറും മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്.

‘നിങ്ങളുടെ അച്ഛൻ (ലാലുപ്രസാദ് യാദവ്) ഇന്നെന്താണോ അങ്ങനെയാക്കിയത് ഞാനാണ്. നിങ്ങളുടെ ജാതിയിലുള്ളവർ പോലും എന്തിനാണ് ഇത് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചിരുന്നു. എന്നാൽ, അതൊന്നും കണക്കിലെടുക്കാതെ ഞാൻ അദ്ദേഹത്തെ പിന്തുണച്ചു’ -നിതീഷ് കുമാർ പറഞ്ഞു. ‘2005 നവംബർ 24നാണ് ഞാൻ സഭയിലെത്തിയത്. ഞാൻ കേന്ദ്ര മന്ത്രിയായിരുന്നു. അന്നത്തെ ബിഹാർ ഇങ്ങനെയായിരുന്നില്ല. അന്ന് റോഡില്ലായിരുന്നു. കാൽനടയായി പോകേണ്ടി വന്ന സ്ഥലങ്ങളുണ്ടായിരുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ആർ.ജെ.ഡി സർക്കാറിനെതിരെ നിതീഷിന്റെ നിരന്തരമായ വിമർശനത്തിനെതിരെ തേജസ്വി രൂക്ഷമായി പ്രതികരിച്ചിരുന്നു. ‘2005ന് ശേഷമാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. വിശദാംശങ്ങളിലേക്കും ചരിത്രത്തിലേക്കും നാം അൽപം ആഴ്ന്നിറങ്ങണം. ഈ അംഗങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നുവെന്ന് ഓർമ വേണം. ബി.ജെ.പി അംഗങ്ങളും അവിടെ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു’ -തേജസ്വി യാദവ് പറഞ്ഞു. ‘ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. ഈ സർക്കാർ ജനാധിപത്യത്തെയും ഭരണഘടനയെയും നശിപ്പിക്കുകയാണ്. ആരിൽ നിന്നും ഇത് മറച്ചുവെക്കാനാവില്ല. സത്യം കേൾക്കാൻ ധൈര്യം വേണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ.ഡി.യുവിന്റെ ഭാവി കണക്കിലെടുത്ത് നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ എത്രയും വേഗം രാഷ്ട്രീയത്തിൽ ചേരണമെന്നും അല്ലെങ്കിൽ ജെ.ഡി.യുവിനെ ബി.ജെ.പി തീർക്കുമെന്നും തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു. നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജെ.ഡി.യുവിനെ രക്ഷിക്കുമോ എന്ന ചോദ്യത്തിന് കുറഞ്ഞത് ജെ.ഡി.യു നിലനിൽക്കാനുള്ള സാധ്യതയെങ്കിലും ഉണ്ടാകുമെന്നായിരുന്നു തേജസ്വി യാദവിന്‍റെ മറുപടി

Tags:    
News Summary - 'I made your father': Bihar CM Nitish to Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.