നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

‘രാഹുലിന്റെ ഹൈഡ്രജൻ ബോംബ് പൊട്ടുന്നത് വാരാണസിയിൽ; മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടും’- സൂചനയുമായി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ പിടിച്ചുലച്ച രാഹുൽ ഗാന്ധിയുടെ ‘ആറ്റംബോബി’നു പിന്നാലെ പ്രഖ്യാപിച്ച ഹൈഡ്രജൻ ബോംബ് എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് ദേശീയ രാഷ്ട്രീയം. ബിഹാറിലെ പട്നയിൽ കഴിഞ്ഞ ദിവസം സമാപിച്ച വോട്ടർ അധികാർ യാത്രയുടെ സമാപന റാലിയിൽ പ​ങ്കെടുത്തുകൊണ്ടായിരുന്നു ആറ്റംബോബിനു ശേഷം, ഇനി ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് ​രാഹുൽ മുന്നറിയിപ്പു നൽകിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നിൽ നിർത്തി ബി.ജെ.പി നടത്തുന്ന വോട്ട് കൊള്ള തുറന്നു കാട്ടിയതിന്റെ ഞെട്ടലിൽ രാജ്യം പകച്ചു നിൽക്കെയാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.

എന്താണ് വരാനിരിക്കുന്നതെന്ന ചർച്ചകൾക്കിടെ സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷനും വരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിർ സ്ഥാനാർഥിയുമായ അജയ് റായ്. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച ഹൈഡ്രജൻ ബോംബ് പൊട്ടുന്നത് ​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലായിരിക്കുമെന്നും, വാരാണസിയിലെ മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിനാശകരമായ ഹൈഡ്രജൻ ബോംബ് ഏറ്റവും സുപ്രധാനമായ മണ്ഡലത്തിലായിരിക്കും പൊട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024 ജൂൺ നാലിന് വോട്ടണ്ണൽ ദിനത്തിൽ ഉച്ച ഒരു മണിക്കു ശേഷം വാരാണസിയിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തും. വിജയിക്കനായി ​മോദി ചതിച്ചുവെച്ചും റായ് പറഞ്ഞു.

വോട്ടർ അധികാർ യാത്രയിലെ രാഹുലിന്റെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു.

താൻ മുമ്പു നടത്തിയ വാർത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കിൽ അതിലും വലിയ ഹൈഡ്രജൻ ബോംബ് കൈവശുണ്ടെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.

‘ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? ഞാനത് വാർത്താസമ്മേളനത്തിൽ കാണിച്ചതാണ്. ഇപ്പോൾ, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജൻ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടും. ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല.’ -രാഹുൽ ഗാന്ധി പറഞ്ഞു.

തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്ര​ മോദി തെരഞ്ഞെടുക്കപ്പെട്ട വരാണസിയിൽ കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. 2014ൽ 56 ശതമാനം വോട്ടും, 2019ൽ 63 ശതമാനവും നേടിയ മോദിക്ക് 2024ൽ 54 ​ശതാമനം വോട്ടേ നേടാൻകഴിഞ്ഞുള്ളൂ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ മോദി പിന്നിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ അജയ് റായിയുടെ കുതിപ്പിനായിരുന്നു വാരാണസി സാക്ഷിയായത്. വോട്ടെണ്ണലിനിടെ മണിക്കൂറുകളോളം വാരാണസിയിലെ ഫലമൊന്നും പുറത്തുവരാതെ അനിശ്ചിതത്വ നിലനിന്നതും ശ്രദ്ധേയമായിരുന്നു. പിന്നീടാണ് മോദി ലീഡ് പിടിച്ചു തുടങ്ങിയത്. 1.52 ലക്ഷം വോട്ട് ​ഭൂരിപക്ഷത്തിനായിരുന്നു മോദിയുടെ ജയം. 2014ൽ ഭൂരിപക്ഷം 3.71 ലക്ഷവും 2019ൽ 4.79 ലക്ഷവുമായിരുന്നു മോദിയുടെ ലീഡ്.  

Tags:    
News Summary - 'Hydrogen bomb in Varanasi': UP Congress chief Ajay Rai drops hint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.