ന്യൂഡൽഹി: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. എൽ.എച്ച് -754 വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു വെള്ളിയാഴ്ച എയർലൈനിന് ലഭിച്ച ഭീഷണി സന്ദേശം.
വിമാനം ഷംഷാബാദിൽ എത്തുന്നതിന് മുമ്പ് പൊട്ടിത്തെറിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഉടൻതന്നെ സുരക്ഷാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് വിശദ പരിശോധനക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് നിർവീര്യ സംഘങ്ങളും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും വിമാനം പരിശോധിച്ചു. കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും വിമാനത്തിൽനിന്ന് സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനിരുന്ന രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുണെയിൽനിന്ന് വന്ന വിമാനം വിജയവാഡയിലേക്കും ദുബൈയിൽനിന്നുള്ള ഒരു എമിറേറ്റ്സ് വിമാനം ബംഗളൂരുവിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. രണ്ട് വിമാനങ്ങളും ഷംഷാബാദ് വിമാനത്താവളത്തിൽ രണ്ടുതവണ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് ലാൻഡ് ചെയ്യാൻ കഴിഞ്ഞിലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി എയർ ട്രാഫിക് അധികൃതർ വിമാനങ്ങൾക്ക് മറ്റ് വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.