വാക്‌സിനെടുക്കാന്‍ തടിച്ചുകൂടിയത്​ രണ്ടായിരത്തോളം പേർ; പശ്ചിമ ബംഗാളില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വാക്​സിനേഷൻ കേന്ദ്രത്തിൽ രണ്ടായിരത്തോളം പേർ തടിച്ചുകൂടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 20ലധികം പേർക്ക് പരിക്ക്​. ​ബംഗാളിൽ 11 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയ ദിവസമായിരുന്നു ഇന്നലെ. ഇൗ നേട്ടം കൈവരിക്കുന്നതിന്‍റെ ഭാഗമായി ജൽപൈഗുരി ജില്ലയിൽ തയാറാക്കിയ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ്​ നൂറുകണക്കിന്​ ആളുകൾ തിക്കിത്തിരക്കി എത്തിയത്​. 20ലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ്​ പൊലീസ്​ പറയുന്നതെങ്കിലും 30ഓളം പേർക്ക്​ പരിക്കേറ്റതായി നാട്ടുകാർ പറയുന്നു.​ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വടക്കൻ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ധുപ്ഗുരി ബ്ലോക്കിലെ വാക്‌സിനേഷന്‍ കേന്ദ്രമായ ഒരു സ്‌കൂളിലായിരുന്നു സംഭവം. സമീപ ഗ്രാമങ്ങളില്‍ നിന്നും തേയിലത്തോട്ടങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് വാക്‌സിനെടുക്കാനായി ഗേറ്റിന് മുന്നില്‍ തടിച്ചുകൂടിയത്. രണ്ടായിരത്തോളം ആളുകള്‍ സ്​കൂളിൽ തടിച്ചുകൂടിയിയെന്നും ഇവരെ നിയന്ത്രിക്കാനുള്ളത്ര പൊലീസുകാരെ വിന്യസിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

രാവിലെ 10 മണിക്ക് പൊലീസ് എത്തി ഗേറ്റുകള്‍ തുറന്നപ്പോള്‍ ആളുകൾ തിക്കിത്തിരക്കി വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് ഓടിക്കയറുകയും പരസ്പരം തള്ളുകയും ചെയ്തു. ഇതോടെ കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം നിരവധി പേര്‍ കുഴഞ്ഞുവീണു. ആളുകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റു. പിന്നീട് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാരും സഹായത്തിനെത്തി.

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റെങ്കിലും 15 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായി ജൽപൈഗുരി പൊലീസ്​ സൂപ്രണ്ട്​ ദേബോർഷി ദത്ത പറഞ്ഞു. അഞ്ച് പേര്‍ ഇപ്പോഴും ചികിത്സയിലാണ്​. എന്നാല്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായുമാണ്​ നാട്ടുകാർ പറയുന്നത്​.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, സംസ്​ഥാനത്ത്​ ചൊവ്വാഴ്ച രാത്രി ഏഴുവരെയുള്ള കണക്ക്​ അനുസരിച്ച്​ 10,99,437 പേർക്ക്​ വാക്​സിൻ കുത്തിവെച്ചതായി ആരോഗ്യ വകുപ്പ്​ അറിയിച്ചു. വാക്​സിനേഷന്‍റെ സമയം കഴിയു​േമ്പാൾ ഇത്​ 12 ലക്ഷം കഴിയുമെന്നും അവർ വ്യക്​തമാക്കി. 

Tags:    
News Summary - Hundreds rush to vaccination centre in Bengal, 20 injured in stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.