ന്യൂഡൽഹി: മുഗൾ ചക്രവർത്തി ഹുമയൂണിെൻറ ശവകുടീരം (ഹുമയൂൺ ടോമ്പ്) തകർത്ത് ആ സ്ഥലം മുസ്ലിംകളുടെ ഖബർസ്ഥാനായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പിന്തുണയുള്ള ഉത്തർപ്രദേശ് സെൻട്രൽ ശിയ വഖഫ് ബോർഡ് അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഖബറടക്കാൻ ഇടമില്ലാത്തതാണ് ഡൽഹിയിൽ മുസ്ലിംകൾ അനുഭവിക്കുന്ന പ്രശ്നമെന്നും ഇതിന് ഹുമയൂൺ ടോമ്പ് തകർത്ത് ഖബർസ്ഥാനാക്കിയാൽ ആ പ്രശ്നം പരിഹരിക്കാനാകുമെന്നും യു.പി ശിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി കത്തിൽ നിർദേശിച്ചു. ആഗ്രയിൽ ഷാജഹാൻ ചക്രവർത്തി പണിത താജ്മഹലിനെതിരെ ബി.ജെ.പി നേതാക്കൾ പ്രചാരണം തുടങ്ങിയതിനിടയിലാണ് വിനോദ സഞ്ചാരികളുടെ ഡൽഹിയിലെ ആകർഷണമായ മുഗൾ സ്മാരകം തകർക്കാൻ ബി.ജെ.പിയെ പിന്തുണക്കുന്ന ശിയ നേതാവ് അപേക്ഷ നൽകിയിരിക്കുന്നത്. ബാബരി മസ്ജിദ് കേസിൽ കക്ഷിയല്ലാതിരുന്നിട്ടും അയോധ്യയിൽ പള്ളി തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയതിന് പിറകെയാണ് ഡൽഹിയിൽ ഖബർസ്ഥാനുവേണ്ടി യു.പി ശിയ ബോർഡ് കത്തയച്ചതെന്നതും ശ്രദ്ധേയമായി.
ഡൽഹിയോട് ചേർന്നുകിടക്കുന്ന ഉത്തർപ്രദേശിെൻറ അതിർത്തി ഭാഗത്ത് മുസ്ലിംകൾക്ക് ഖബർസ്ഥാനുവേണ്ടി ഭൂമി നൽകണമെന്ന് അഖിലേന്ത്യ റബ്തെ മസാജിദ് മദാരിസെ ഇസ്ലാമിയ തങ്ങളോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ, യു.പി ഭാഗത്ത് അത്തരം സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതേ തുടർന്നാണ് ഇതെഴുതുന്നതെന്നും റിസ്വി ബോധിപ്പിച്ചു. ഹുമയൂൺ ടോമ്പ് തകർക്കുന്നതിലൂടെ ലഭിക്കുന്ന 35 ഏക്കർ ഭൂമി ഇതിനായി ഉപയോഗിക്കാം. മുസ്ലിം സമുദായത്തിന് ശവകുടീരങ്ങൾ അവരുടെ മതത്തിെൻറയോ വിശ്വാസത്തിെൻറയോ ഭാഗമല്ലെന്നും ഇത്തരം കുടീരങ്ങൾ തകർക്കുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ലെന്നും സൗദി അറേബ്യയിൽ പ്രവാചകെൻറ മകൾ ഫാത്തിമയുടേത് അടക്കം നിരവധി ചരിത്ര കുടീരങ്ങൾ തകർത്തിട്ടുണ്ടെന്നും റിസ്വി പറയുന്നു. കേന്ദ്ര സർക്കാറിന് കുടീരങ്ങളിൽനിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും അത് നിലനിർത്താൻ വൻ തുക ചെലവിടുകയാണെന്നുമുള്ള വിചിത്ര വാദവും കത്തിലുണ്ട്.
മുഗളന്മാർ ഇസ്ലാമിെൻറ പ്രചാരകരോ ശരിയായ ഭരണാധികാരികളോ അല്ലെന്നും പുറമെനിന്ന് വന്ന മുഗളന്മാർ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചും 3000 ക്ഷേത്രങ്ങൾ തകർത്തും അവരുടെ ഭരണം സ്ഥാപിക്കുകയായിരുന്നുവെന്നും ഇന്ത്യയുടെ സംസ്കാരത്തിന് ഹാനി വരുത്തുകയായിരുന്നുവെന്നും ബി.ജെ.പി നേതാവും കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വിയുമായി അടുത്ത ബന്ധമുള്ള റിസ്വി ആരോപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.