ആശുപത്രിയിൽ ദേശീയ പതാക കെട്ടുന്നതിനിടെ ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഭോപ്പാൽ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്താൻ സ്റ്റീൽ വടി ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിൽ 33കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്വകാര്യ ആശുപത്രി ഉടമ അൻഷിൽ ജോൺ എന്നയാളാണ് മരിച്ചത്. ഭോപ്പാലിലെ അയോധ്യ നഗറിൽ അൻഷിൽ പുതുതായി ആരംഭിച്ച ആശുപത്രിയുടെ ടെറസിൽ പതാക കെട്ടുന്നതിനിടെയാണ് അപകടം.

ഈ വർഷം മാർച്ചിലാണ് ന്യൂ ശാരദാ നഗറിൽ ഇദ്ദേഹം പുതിയ ആശുപത്രി ആരംഭിച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ടെറസിൽ നിർമിച്ച മുറിയിൽ ഭാര്യ ദീപാലി ശർമക്കും നാല് വയസുകാരൻ മകനുമൊപ്പമാണ് അൻഷിൽ താമസിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എച്ച്.സി ജഗദീഷ് തിവാരി അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം നടന്നതെന്ന് തിവാരി പറഞ്ഞു. ഭാര്യ ദീപാലി കുളിക്കാൻ പോയ സമയത്ത്, ത്രിവർണ പതാക ഉയർത്തുന്നതിനായി ടെറസിൽ തൂണിനൊപ്പം 20 അടി നീളമുള്ള സ്റ്റീൽ വടി ഉറപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അൻഷിൽ.

കയർ ഉപയോഗിച്ച് സ്റ്റീൽ വടി കെട്ടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ചാറ്റൽ മഴയും ടെറസ് നനഞ്ഞതും കാരണം അൻഷിലിന് സാരമായ വൈദ്യുതാഘാതമേറ്റു. തുടർന്ന് ടെറസിൽ കുഴഞ്ഞുവീണു. ഉടൻ ഭാര്യ ദീപാലിയും മറ്റ് ജീവനക്കാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻഷിൽ മരണത്തിന് കീഴടങ്ങി. വിവരമറിഞ്ഞ് അയോധ്യ നഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു. ഓൾഡ് മിനൽ റസിഡൻസിയിലെ താമസക്കാരനും പ്രശസ്ത സർജനുമാണ് അൻഷിലിന്റെ അച്ഛൻ രാജൻ ജോൺ.

അതേസമയം, ദേശീയ പതാക കെട്ടുന്നതിനിടയിൽ രണ്ട് ദിവസത്തിനുള്ളിൽ നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. ജമ്മു-കശ്മീരിലെ കത്​വ ജില്ലയിൽ ആശുപത്രിയുടെ മേൽക്കൂരയിൽ പതാക കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഡോക്ടർ മരിച്ചു. ചഡ്‌വാൾ പ്രദേശവാസിയായ പവൻ കുമാർ ആണ് മരിച്ചത്. ഹരിയാ ചക്കിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂരയിൽ സ്വാതന്ത്യദിനത്തിൽ പതാക ഉയർത്തുന്നതിനിടെ 11 കെ.വി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ബംഗളൂരുവിലെ ഹെന്നൂരിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ വീടിന്‍റെ രണ്ടാം നിലയിലെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് സോഫ്റ്റ് വെയർ എൻജിനീയർ ഞായറാഴ്ച മരിച്ചിരുന്നു. ദക്ഷിണ കന്നഡയിലെ സുള്ള്യയിലെ പുരോഹിതനായ നാരായൺ ഭട്ടിന്‍റെ ഏക മകൻ വിശ്വാസ് കുമാർ (33) ആണ് മരിച്ചത്.

ഝാർഖണ്ഡിലെ റാഞ്ചിയിൽ പതാക ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അർസാൻഡെയിൽ കാങ്കെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം. വീടിന്‍റെ മേൽക്കൂരയിൽ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടെ 11000 വോൾട്ടേജ് കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു അപകടം.

Tags:    
News Summary - Hospital owner electrocuted while trying to fix steel rod on terrace to hoist national flag on Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.