ആഭ്യന്തരമന്ത്രിയെ ഉപമുഖ്യമന്ത്രിയാക്കി; മൂന്ന് പേരെ നിലനിർത്തി, 19 പുതുമുഖങ്ങൾ, ഗുജറാത്ത് മന്ത്രിസഭ അഴിച്ചുപണിത് ബി.ജെ.പി

അഹമ്മദാബാദ്: കൂട്ടരാജിക്ക് പിന്നാലെ ഗുജറാത്ത് മന്ത്രിസഭയിൽ അഴിച്ചുപണി. ആഭ്യന്തരമന്ത്രി ഹർഷ സാങ്‍വിക്ക് ഉപമുഖ്യമന്ത്രിപദം നൽകിയതാണ് മന്ത്രിസഭയുടെ അഴിച്ചുപണിയുടെ കാതലായ മാറ്റം. മുൻ മന്ത്രിസഭയിലെ മൂന്ന് പേരെ മാത്രമാണ് നിലനിർത്തിയത്. മന്ത്രിസഭയിലെ 19 പേരും പുതുമുഖങ്ങളാണ്.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവഭ ജഡേജയും മന്ത്രിസഭയിൽ അംഗമാണ്. മന്ത്രിസഭയുടെ പുനസംഘടനയോടെ മന്ത്രിമാരുടെ എണ്ണം 25 ആയി ഉയർന്നു. മന്ത്രിമാരിൽ എട്ടുപേർ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരാണ്. ആറ് പേർ പട്ടിദാർ വിഭാഗത്തിൽ നിന്നുള്ളവരും നാല് പേർ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവരും മൂന്ന് പേർ എസ്.സി വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ക്ഷത്രിയ, ബ്രാഹ്മിൺ വിഭാഗത്തിൽ നിന്നും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്.

ഗുജറാത്തിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാർ രാജിവെച്ചത്. ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാലും യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി നടത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബൻസാൽ യോഗത്തിൽ അറിയിച്ചു. പിന്നാലെ ഗവർണറുമായി ഗുജറാത്ത് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിസഭ നാളെ നിലവിൽ വരും

അഹമ്മദാബാദ്: ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രിയൊഴികെ മറ്റ് മന്ത്രിമാരാണ് രാജിവെച്ചത്. ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരും. നാളെ 12.39ന് ​പുതിയ മന്ത്രിസഭ അധികാരമേൽക്കും. പുതിയ കാബിനറ്റിൽ 10 മന്ത്രിമാർ ഉണ്ടാകുമെന്ന സൂചന ബി.ജെ.പി നൽകി.

പഴയ മന്ത്രിസഭയിലെ റിഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്രസിൻഹ ചുഡാസാമ എന്നിവർസ്ഥാനം നിലനിർത്തുമെന്ന് റിപ്പോർട്ട്. കാനുഭായി ദേശായി, രാഘവ്ജി പട്ടേൽ, കുൻവാരിജി ബാവലിയ, മുരുഭായ് ബേന എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിന് സാക്ഷികളായെത്താൻ നാളെ ഗുജറാത്തിലെത്തും.

മുഖ്യമന്ത്രിയുടെ വീട്ടിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിമാരുടെ രാജിയുണ്ടായിരിക്കുന്നത്. ഇരുവരും മന്ത്രിമാരെ വ്യക്തപരമായി കണ്ട് ചർച്ച നടത്തിയിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് സംസ്ഥാന നേതാക്കൾ എം.പിമാരെ അറിയിച്ചുവെന്നാണ് വിവരം.

ഇന്ന് രാത്രിയോടെ ഗവർണറെ കണ്ട് രാജിക്കത്തുകൾ മുഖ്യമന്ത്രിക്ക് നൽകും. നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഗവർണറെ ക്ഷണിക്കുകയും ചെയ്യും.

Tags:    
News Summary - Home Minister Harsh Sanghvi becomes new Gujarat Deputy Chief Minister in major reshuffle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.