സഹാരൻപൂർ: ഉത്തർപ്രദേശിലെ സഹാരൻപൂരിലുള്ള പ്രശസ്തമായ ഇസ്‍ലാമിക വിജ്ഞാനകേന്ദ്രം ദാറുൽ ഉലൂം ദയൂബന്ദ് നിലനിൽക്കുന്നിടത്ത് പണ്ട് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന അവകാശവാദവുമായി തീവ്രവലതുപക്ഷ സംഘടനകൾ. ഹിന്ദു രക്ഷാദൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ ജില്ല ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും, ഈ അവകാശവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.
മുസ്‍ലിം സമൂഹം ഇവിടെ കേന്ദ്രം സ്ഥാപിക്കുന്നതിന് മുമ്പ്, ദേവന്മാർ ഒത്തുകൂടിയിരുന്ന ‘ദേവ് വൻ’ (ദേവന്മാരുടെ കാട്) എന്ന സ്ഥലമായിരുന്നു ഇതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ‘ദേവ് വനിൽ ശിവക്ഷേത്രം ഞങ്ങൾ തിരിച്ചുപിടിക്കുക തന്നെ ചെയ്യും’ എന്ന മുദ്രാവാക്യം വിളിക്കുന്ന ഇവരുടെ പ്രതിഷേധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
’ഇത് ദയൂബന്ദ് അല്ല, ഞങ്ങളുടെ ശാസ്ത്രങ്ങളിൽ ഇത് ‘ദേവ് വൻ’ ആണ്. മൗലവിമാർ ഇവിടെ വന്ന് ഈ വനം വെട്ടിതെള്ളിച്ചപ്പോഴാണ് ഇതിന് ദയൂബന്ദ് എന്ന പേരുവന്നത്’- പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
ദാറുൽ ഉലൂം ദയൂബന്ദ് കാമ്പസിന് ഏകദേശം 14 അടി താഴെയായി ഒരു ശിവക്ഷേത്രം മണ്ണിൽ പുതഞ്ഞുകിടപ്പുണ്ടെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഹിന്ദു രക്ഷാദൾ നേതാവ് ലളിത് ശർമ്മ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്താൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി ഉത്തരവിലൂടെയുള്ള ഭരണപരമായ അന്വേഷണത്തിനായി തങ്ങൾ നിയമപരമായ സഹായം തേടുമെന്നും ശർമ്മ കൂട്ടിച്ചേർത്തു. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാൻ പുരാവസ്തു വകുപ്പിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും നേതൃത്വത്തിൽ ശാസ്ത്രീയ സർവേ നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ഗുരുതരമായ വിഷയമാണെന്നും സാങ്കേതിക-പുരാവസ്തു രീതികളിലൂടെ പരിശോധന നടത്തണമെന്നുമാണ് സംഘടനയുടെ വാദം. എന്നാൽ, തങ്ങളുടെ ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനാവശ്യമായ ഔദ്യോഗിക തെളിവുകളൊന്നും സംഘടന ഇതുവരെ സമർപ്പിച്ചിട്ടില്ല. വിഷയത്തിൽ അധികൃതർ അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.