മുംബൈ: പ്രാഥമിക ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കുന്നതിൽനിന്ന് മഹാരാഷ്ട്ര ബി.ജെ.പി സർക്കാർ പിന്മാറിയെങ്കിലും കെട്ടടങ്ങാതെ ഭാഷാ വിവാദം. ഝാർഖണ്ഡിലെ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പ്രതികരണമാണ് എരിതീയിൽ എണ്ണയായത്. ഞങ്ങളുടെ പണംകൊണ്ടല്ലേ നിങ്ങൾ കഴിയുന്നതെന്നും എന്ത് വ്യവസായമാണ് അവിടെയുള്ളതെന്നും ചോദിച്ച ദുബെ, രാജ്–ഉദ്ധവ് താക്കറെമാരെ വെല്ലുവിളിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വന്നാൽ മർദിക്കുമെന്നും സ്വന്തം കൂട്ടിൽ പുലിയായ നായ് പുറത്തുവന്നാലേ നായേത് പുലിയേതെന്ന് തിരിച്ചറിയൂ എന്നുമാണ് വെല്ലുവിളി. ഉർദു, തെലുഗ്, കന്നട ഭാഷക്കാരെ മർദിക്കാൻ ധൈര്യമുണ്ടോ എന്നും ചോദിച്ചു. മീര റോഡിൽ മറാത്തി സംസാരിക്കാൻ വിസമ്മതിച്ച കച്ചവടക്കാരനെ എം.എൻ.എസ് പ്രവർത്തകർ മർദിക്കുകയും മറാത്തി സംസാരിക്കാത്തവരുടെ കരണത്തടിക്കാൻ രാജ് ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ദുബെയുടെ പ്രതികരണം.
ദുബെയെ മഹാരാഷ്ട്ര ബി.ജെ.പി തള്ളിപ്പറഞ്ഞു. മൊത്തം മറാത്തികളെക്കുറിച്ചല്ല ദുബെ പറഞ്ഞതെങ്കിലും ആ ശൈലി ഉൾക്കൊള്ളാനാകില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ദുബെയെ രൂക്ഷമായി വിമർശിച്ചു. ഇതിനിടയിൽ മീരാറോഡിൽ ഹിന്ദി–മറാത്തി വിഷയത്തിലുള്ള എം.എൻ.എസിന്റെ റാലിക്ക് അനുമതി നിഷേധിച്ച പൊലീസ് പ്രാദേശിക നേതാക്കളെ കരുതൽ തടങ്കലിലാക്കി. മറ്റു നേതാക്കൾക്ക് മീരാറോഡിൽ പ്രവേശിക്കുന്നത് വിലക്കി നോട്ടീസും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.