മുംബൈ: ഒന്നാം ക്ലാസ് മുതൽ വിദ്യാലയങ്ങളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിയ മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ എം.എൻ.എസും സംയുക്ത റാലിക്ക്. അടുത്ത അഞ്ചിന് ഗിർഗാവ് ചൗപാട്ടിയിൽനിന്ന് ആസാദ് മൈതാനത്തേക്ക് നടക്കുന്ന റാലിയിൽ ഇരുവരും പങ്കെടുക്കും.
20 വർഷങ്ങൾക്ക് ശേഷമാണ് രാജും ഉദ്ധവും ഒരുമിക്കുന്നത്. ഉദ്ധവ് ശിവസേന വർക്കിങ് പ്രസിഡന്റായതിനു പിന്നാലെ 2005ൽ പാർട്ടി വിട്ട രാജ് 2006 ൽ പുതിയ പാർട്ടിയുണ്ടാക്കുകയായിരുന്നു. മുംബൈ, താണെ, കൊങ്കൺ, നാസിക് എന്നിവിടങ്ങളിലാണ് ഇരു പാർട്ടിയുടെയും വോട്ട് ബാങ്ക്. അഭിപ്രായ ഭിന്നത മറന്ന് സംസ്ഥാനത്തിനുവേണ്ടി കൈകോർക്കാമെന്ന് ഉദ്ധവും രാജും ഇടക്ക് സൂചന നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ സംയുക്ത മാർച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. നഗരസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉദ്ധവ്-രാജ് കൂട്ടുകെട്ട് ബി.ജെ.പിക്കും ഷിൻഡെ ശിവസേനക്കും തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രാജ് ബി.ജെ.പിക്കൊപ്പമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.