ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം. ശരിയായ വയസിൽ സ്ത്രീകൾ അമ്മയാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 22 മുതൽ 30 വയസിനുള്ളിൽ സ്ത്രീകൾ അമ്മയാകണമെന്ന് ബിശ്വശർമ്മ പറഞ്ഞു.
ഗുവാഹത്തിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീകൾക്ക് അമ്മയാകാനുള്ള ഏറ്റവും നല്ല സമയം 22 മുതൽ 30 വയസ് വരെയാണ്. ഇത് സ്ത്രീകൾ പിന്തുടരുകയാണെങ്കിൽ അവർക്കും കുട്ടികൾക്കും അത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. 30 വയസെത്തിയ സ്ത്രീകൾ ഉടൻ വിവാഹം കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാതൃ-ശിശുമരണനിരക്ക് കുറക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. പ്രായപൂർത്തിയാകാത്തവർ ഗർഭിണികളാവുന്നതാണ് മാതൃമരണനിരക്ക് കൂടാനുള്ള കാരണമെന്നും ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ പെൺകുട്ടികൾ അമ്മമാരാകുന്നതിനെതിരെ നമുക്ക് സംസാരിക്കാം. പക്ഷേ അതിനൊപ്പം അമ്മമാരാകാൻ സ്ത്രീകൾ ഒരുപാട് കാലം കാത്തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രസ്താവനക്കെതിരെ വിവിധകോണുകളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.