ഗുവാഹതി: ചിക്കൻ നെക്ക് ഇടനാഴിയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നവർ തങ്ങൾക്കും രണ്ട് ദുർബലമായ ചിക്കൻ കഴുത്തുകൾ ഉണ്ടെന്ന് ശ്രദ്ധിക്കണമെന്ന് ബംഗ്ലാദേശിനെ ഓർമിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയുടെ ഏറെ നിർണായകമായ ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴിയെ കുറിച്ച് പറയുമ്പോഴായിരുന്നു അസം മുഖ്യമന്ത്രിയുടെ പരാമർശം. വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകദേശം 22 മുതൽ 35 കിലോമീറ്റർ വരെ വീതിയുള്ള ഒരു ഇടുങ്ങിയ ഭൂപ്രദേശമാണിത്.
'ഇന്ത്യയുടെ സിലിഗുരി ഇടനാഴി പോലെ, നമ്മുടെ അയൽരാജ്യത്തിനും അവരുടേതായ രണ്ട് ഇടുങ്ങിയ ഇടനാഴികളുണ്ട്. രണ്ടും വളരെ ദുർബലമാണ്. ആദ്യത്തേത് 80 കിലോമീറ്റർ വടക്കൻ ബംഗ്ലാദേശ് ഇടനാഴിയാണ് (ദക്ഷിണ ദിനാജ്പൂർ മുതൽ തെക്ക് പടിഞ്ഞാറൻ ഗാരോ കുന്നുകൾ വരെ). ഇവിടെ ഉണ്ടാകുന്ന ഏതൊരു തടസവും രംഗ്പൂർ ഡിവിഷനെ മുഴുവൻ ബംഗ്ലാദേശിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെടുത്തും'' -ഹിമന്ത എക്സ് പോസ്റ്റിൽ സൂചിപ്പിച്ചു.
''രണ്ടാമത്തേത് തെക്കൻ ത്രിപുര മുതൽ ബംഗാൾ ഉൾക്കടൽ വരെയുള്ള 28 കിലോമീറ്റർ ദൈർഘ്യമുള്ള ചിറ്റഗോംഗ് ഇടനാഴിയാണ്. ഇന്ത്യയുടെ ചിക്കൻ നെക്കിനേക്കാൾ ചെറുതായ ഈ ഇടനാഴി ബംഗ്ലാദേശിന്റെ സാമ്പത്തിക-രാഷ്ട്രീയ മൂലധനത്തെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ്. ചിലർ മറന്നുപോകാൻ സാധ്യതയുള്ള ഭൂമിശാസ്ത്ര വസ്തുതകളാണിത്''-എന്നും അടുത്ത പോസ്റ്റിൽ ഹിമന്ത ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിന്റെ ഭൂപടവും ഹിമന്ത പങ്കുവെച്ചിട്ടുണ്ട്.
ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് അടുത്തിടെ ചൈന സന്ദർശിച്ച വേളയിൽ ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ കുറിച്ച് പരാമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഹിമന്തയുടെ എക്സ് പോസ്റ്റ്.
ബംഗ്ലാദേശ് നമ്മുടെ ചിക്കൻ നെക്കിനെ ആക്രമിച്ചാൽ അവരുടെ രണ്ട് ചിക്കൻ നെക്കുകൾ നമ്മളും ആക്രമിക്കും. വളരെ ദുർബലമായ ഇന്ത്യയുടെ ചിക്കൻ നെക്കിനേക്കാൾ കനം കുറഞ്ഞതാണവയെന്നും പിന്നീട് വാർത്താസമ്മേളനത്തിലും ഹിമന്ത ആവർത്തിച്ചു.
സിന്ദൂർ ഓപറേഷനിലൂടെ പാകിസ്താനിലെ ഭീകര ക്യാമ്പുകൾ നശിപ്പിക്കുകയും സൈനിക താവളങ്ങൾ ആക്രമിക്കുകയും ചെയ്ത ഇന്ത്യയുടെ സൈനിക ശക്തിയെ കുറിച്ചും അസം മുഖ്യമന്ത്രി ബംഗ്ലാദേശിനെ ഓർമപ്പെടുത്തി. ഇന്ത്യയെ ആക്രമിക്കാൻ ബംഗ്ലാദേശ് 14 തവണ പുനർജനിക്കണമെന്നും വെല്ലുവിളിച്ചു.
ചിക്കൻസ് നെക്ക് ഇടനാഴിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ലാൽമോനിർഹട്ടിൽ രണ്ടാം ലോക യുദ്ധകാലത്തെ വ്യോമതാവളം പുനരുജ്ജീവിപ്പിക്കുന്നതിൽ ചൈന ബംഗ്ലാദേശിനെ സഹായിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹിമന്തയുടെ വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.