റിങ്കി ഭൂയ്യാൻ, ഹേമന്ത ബിശ്വ ശർമ
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമയുടെ ഭാര്യ റിങ്കി ഭൂയ്യാൻ ശർമ കേന്ദ്ര സർക്കാറിന്റെ കർഷകർക്കുള്ള 10 കോടി രൂപയുടെ സബ്സിഡി തട്ടിയത് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റിങ്കി ഡയറക്ടറായ പ്രൈഡ് ഈസ്റ്റ് എന്റർടെയിൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി തുച്ഛവിലക്ക് വാങ്ങിയ കൃഷിഭൂമി വ്യവസായ ഭൂമിയാക്കി മാറ്റിയ ശേഷമാണ് അനർഹമായി 10 കോടിയുടെ ആനുകൂല്യം തട്ടിയെടുത്തതെന്ന് ലോക്സഭയിലെ കോൺഗ്രസ് ഉപ നേതാവ് ഗൗരവ് ഗൊഗോയി ആരോപിച്ചു.
സബ്സിഡിയായി റിങ്കിയുടെ സ്ഥാപനം 10 കോടി നേടിയതിന് തെളിവായി കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ ഗുണഭോക്താക്കളുടെ പട്ടികയിൽ റിങ്കുവിന്റെ പേരുള്ളത് ഗൊഗോയി ഉയർത്തിക്കാട്ടി.അതേസമയം, തന്റെ ഭാര്യയോ അവരുടെ കമ്പനിയോ കേന്ദ്ര സർക്കാറിൽനിന്ന് ഒരു സബ്സിഡിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് അഴിമതി ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
ഭാര്യയുടെ സ്ഥാപനം കേന്ദ്ര സബ്സിഡി സ്വീകരിച്ചുവെന്ന് തെളിയിച്ചാൽ പൊതുജീവിതത്തിൽനിന്ന് വിരമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ആരോപണം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അസം നിയമസഭയിൽ പ്രതിപക്ഷമായ കോൺഗ്രസ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
അതേസമയം, ഗൗരവ് ഗൊഗോയിക്കെതിരെ 10 കോടി രുപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് റിങ്കി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.