രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ, എം.എൽ.എ ബാലമുകുന്ദ് ആചാര്യ

രാജസ്ഥാനിലും 'ഹിജാബ്' വിവാദമാക്കാൻ ബി.ജെ.പി; സ്കൂളുകളിൽ ഡ്രസ്സ് കോഡ് കൊണ്ടുവരാൻ നീക്കം

ജയ്പൂർ: കർണാടകക്ക് പിന്നാലെ രാജസ്ഥാനിലും ഹിജാബ് വിവാദം ആളിക്കത്തിക്കാൻ ബി.ജെ.പി നീക്കം. സർക്കാർ സ്കൂളുകളിൽ ഹിജാബ് നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി എം.എൽ.എ ബാലമുകുന്ദ് ആചാര്യയാണ് ഹിജാബ് വിഷയം വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. നേരത്തെ, കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചിരുന്നു. സമാനമായ നീക്കമാണ് രാജസ്ഥാനിലും ബി.ജെ.പി ലക്ഷ്യമിടുന്നത്.

ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ഉയർന്നതിന് പിന്നാലെ സ്കൂളുകളിൽ ഡ്രസ്സ് കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മന്ത്രി പ്രസ്താവനയിറക്കിയിരുന്നു. 'ഞാൻ ഹിജാബിന് അനുകൂലമോ പ്രതികൂലമോ അല്ല. എന്നാൽ സർക്കാറിന്‍റെ നിർദേശങ്ങൾ എല്ലാവരും കൃത്യമായി അനുസരിക്കണം' -അദ്ദേഹം പറഞ്ഞു.

മറ്റിടങ്ങളിലെ ഹിജാബ് നിരോധനത്തെക്കുറിച്ചും രാജസ്ഥാനില്‍ നടപ്പാക്കുന്നതിനെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസത്തിന്‍റെ ദേവതയായ സരസ്വതിയുടെ ചിത്രമുണ്ടായിരിക്കണം. ഇല്ലാത്തവർ പ്രത്യാഘാതം നേരിടും. സർക്കാർ അംഗീകരിച്ച പ്രാർഥനകളല്ലാതെ മറ്റ് പ്രാർഥനകൾ സ്കൂളുകളിൽ പാടില്ല. സ്കൂളുകളിൽ മതപരിവർത്തന പരിപാടികൾ ഒരു കാരണവശാലും അനുവദിക്കില്ല. അത്തരം രീതികൾ കണ്ടാൽ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഡ്രസ്സ് കോഡ് നടപ്പാക്കുന്നതിനെ ആഭ്യന്തരമന്ത്രി ജവഹർ സിങ് ബെദാം അനുകൂലിച്ചു. സർക്കാർ നിർദേശിക്കുന്ന യൂണിഫോം ധരിച്ചുമാത്രമേ വിദ്യാർഥികൾ സ്കൂളിലെത്താവൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും അച്ചടക്കം പാലിക്കണം. സ്കൂളുകൾ വിദ്യാക്ഷേത്രങ്ങളാണ്, യൂണിഫോം അവിടെ അച്ചടക്കം വളർത്താനാണ് -അദ്ദേഹം പറഞ്ഞു.

സ്കൂളുകളിൽ ഡ്രസ്സ് കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. സാമൂഹിക, സാമ്പത്തിക, മതപരമായ വേർതിരിവുകൾ ഇല്ലാതാക്കുന്നതിനാണ് സ്കൂളുകളിൽ യൂണിഫോമെന്ന് സംഘടന പറഞ്ഞു.

ജനുവരി 29ന് എം.എൽ.എ ബാലമുകുന്ദ് ആചാര്യ സർക്കാർ സ്കൂളുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിനെതിരെ രംഗത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം. എം.എൽ.എ ഹിജാബിനെതിരെ സ്കൂൾ അധികൃതരോട് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. എം.എൽ.എ വിദ്യാർഥികളോട് ‘ഭാരത് മാതാ കി ജയ്’, ‘സരസ്വതി മാതാ കി ജയ്’ എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നതും അത് നിരാകരിച്ച പെൺകുട്ടികളോട് കാരണം ചോദിക്കുന്നതും കാണാം. സംഭവത്തെ തുടർന്ന് എം.എൽ.എക്ക് നേരെ പ്രതിഷേധമുണ്ടായി. ഏതാനും വിദ്യാർഥികളും രക്ഷിതാക്കളും എം.എൽ.എക്കെതിരെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. 

Tags:    
News Summary - Hijab row intensifies: Rajasthan plans dress code in all government schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.