കൊൽക്കത്ത: പശ്ചിമ ബംഗാളിനെ നടുക്കിയ ദുർഗാപൂർ ബലാത്സംഗ കേസിൽ അതിജീവിതയുടെ ജീവന് ഭീഷണിയെന്ന് പിതാവ്. പെൺകുട്ടിയെ ഭുവനേശ്വറിലേക്ക് മാറ്റണമെന്നും പിതാവ് ഒഡീഷ സർക്കാരിനോട് അഭ്യർഥിച്ചു.
പശ്ചിമ ബംഗാളിൽ പെൺകുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് പിതാവ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പെൺകുട്ടിയെ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും കുടുംബം ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയോട് അഭ്യർഥിച്ചു.
രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ അതിജീവിത നിലവിൽ പശ്ചിമ ബംഗാളിലെ ദുർഗാപൂരിലാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിന് പിന്നാലെ ഒഡീഷയിലെ ബാലസോറിലുള്ള കുടുംബം പശ്ചിമ ബംഗാളിലെത്തിയിരുന്നു.
പെൺകുട്ടി രാത്രി 10 മണിക്ക് മുമ്പാണ് ആക്രമിക്കപ്പെട്ടതെന്നാണ് മാതാപിതാക്കളുടെ മൊഴി. രാത്രി 9.30നാണ് പെൺകുട്ടിയുടെ സഹപാഠികൾ സംഭവം അറിയിച്ചുകൊണ്ട് വിളിച്ചതെന്നും, അറിഞ്ഞ ഉടൻ ദുർഗാപൂരിലേക്ക് തിരിച്ചതായും മാതാപിതാക്കൾ വിശദീകരിച്ചു.
സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ ഭക്ഷണം കഴിക്കാനായി ക്യാമ്പസിന് പുറത്തിറങ്ങിയപ്പോൾ, മൂന്നു പേർ ഇവരെ പിന്തുടർന്നതായും, പിന്നാലെ സുഹൃത്ത് പെൺകുട്ടിയെ തനിച്ചാക്കി രക്ഷപ്പെടുകയുമായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കൂട്ടബലാത്സഗം നടന്നതെന്നാണ് റിപ്പോർട്ട്. അപകടം മനസ്സിലാക്കിയ പെൺകുട്ടി സുഹൃത്തിനായി തെരഞ്ഞെങ്കിലും ഇയാൾ അപ്രത്യക്ഷമാവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റു ചെയ്തു. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ജീവനക്കാർ, സഹപാഠികൾ,എന്നിവരുൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.