കോപ്ടര്‍ കോഴ: മന്‍മോഹനെ പഴിച്ച് എസ്.പി. ത്യാഗി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപ്ടര്‍ അഴിമതി കേസില്‍  അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ ഓഫിസിനെതിരെ രംഗത്ത്. കോപ്ടറിന്‍െറ സാങ്കേതിക സംവിധാനങ്ങളില്‍ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കമ്പനിക്ക് അനുകൂലമായി ഇളവ് വരുത്താനുള്ള തീരുമാനം ഉണ്ടായത് രണ്ടാം യു.പി.എ കാലത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലാണെന്ന് ത്യാഗി കോടതി മുമ്പാകെ മൊഴി നല്‍കി. വെള്ളിയാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്ത ത്യാഗിയെ ശനിയാഴ്ച പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്.പി ത്യാഗിയെയും കൂടെ അറസ്റ്റിലായ ബന്ധു സഞ്ജീവ് ത്യാഗി, ഇവരുടെ അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരെയും കോടതി നാലു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.   

ചോദ്യം ചെയ്യുന്നതിന്  10 ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. എസ്.പി. ത്യാഗി മന്‍മോഹന്‍ സിങ്ങിന്‍െറ ഓഫിസിനെതിരെ  മൊഴി നല്‍കിയ സാഹചര്യത്തില്‍  കോപ്ടര്‍ കോഴയുടെ അന്വേഷണം കോണ്‍ഗ്രസിന്‍െറ ഉന്നതരിലേക്കു നീളുമെന്നാണ് സൂചന. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിരോധത്തിലായ മോദി സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ കോപ്ടര്‍ കോഴ കേസ് ഉപയോഗിക്കുകയാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താന സി.ബി.ഐയുടെ തലപ്പത്ത് നിയമിതനായതിന് തൊട്ടുപിന്നാലെയാണ് ഏറെക്കാലമായി തുടരുന്ന അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കേസില്‍ ആദ്യ അറസ്റ്റുണ്ടായത്. സീനിയോറിറ്റി മറികടന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് മോദി-അമിത്ഷാ കൂട്ടുകെട്ടിന്‍െറ അടുപ്പക്കാരനായ രാകേഷ് അസ്താനയുടെ നിയമനമെന്ന ആരോപണം നിലനില്‍ക്കുന്നുമുണ്ട്.

ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലന്‍ഡില്‍നിന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനായി 12 വി.വി.ഐ.പി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3700 കോടി രൂപയുടെ കരാറില്‍ ത്യാഗിയും മറ്റും ഇടനിലക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയത് വിദേശികളായ ഇടനിലക്കാര്‍ മറ്റൊരു കേസന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. 6000 അടി ഉയരത്തില്‍ പറക്കല്‍ ശേഷി ഉണ്ടാകണമെന്ന സാങ്കേതിക നിബന്ധന 4500 അടിയായി കുറച്ചതാണ് അഗസ്റ്റ വെസ്റ്റ്ലന്‍ഡിന് കരാര്‍ ലഭിക്കാനുള്ള സാഹചര്യമൊരുക്കിയത്. പാസഞ്ചര്‍ കാബിനിന്‍െറ ഉയരം കുറച്ചും കോപ്ടറിന്‍െറ പരീക്ഷണപ്പറക്കല്‍ വിദേശത്ത് നടത്താനുള്ള അനുമതി നല്‍കിയും സമാനമായ ഇളവ് വെസ്റ്റ്ലന്‍ഡിന് വേണ്ടി നടത്തി. ഈ ഇളവുകളെല്ലാം നടത്തിയത് അന്നത്തെ വ്യോമസേനാ മേധാവിയായ എസ്.പി ത്യാഗിയാണെന്നാണ് സി.ബി.ഐ കണ്ടത്തെിയത്.
 കൂട്ടായ തീരുമാനമായിരുന്നു വെന്നാണ് നേരത്തേ ചോദ്യം ചെയ്തപ്പോള്‍ ത്യാഗി നല്‍കിയ മൊഴി.

Tags:    
News Summary - Helicopter scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.