പ്രശാന്ത് കിഷോർ
'കൊടിപിടിക്കാൻ മാത്രമല്ല മുസ്‌ലിംകൾ, സ്വന്തം പ്രാതിനിധ്യത്തിനായി നിലകൊള്ളണം': പ്രശാന്ത് കിഷോർ
പട്‌ന: മുസ്‌ലിം സമുദായം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വെറും വോട്ടുബാങ്കോ അനുയായികളോ ആയി ഒതുങ്ങിപ്പോകരുതെന്നും തങ്ങളുടെ യഥാർത്ഥ രാഷ്ട്രീയ പ്രാതിനിധ്യത്തിനായി നേരിട്ട് പോരാടണമെന്നും 'ജൻ സുരാജ്' സ്ഥാപകൻ പ്രശാന്ത് കിഷോർ. പട്‌നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽപ്പെട്ട സബ്സിബാഗിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ മുസ്‌ലിം സമുദായത്തെ വർഷങ്ങളായി ഭയം കാട്ടി ചൂഷണം ചെയ്യുകയാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ലക്ഷ്യമിട്ട് പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. 'ബി.ജെ.പിയുടെ പേരുപറഞ്ഞ് സമുദായത്തിൽ ഭയം നിറച്ചാണ് ചില പാർട്ടികൾ ഇതുവരെ വോട്ട് വാങ്ങിയിരുന്നത്. എന്നാൽ സമുദായത്തിന് അധികാരത്തിലോ മന്ത്രിസഭയിലോ അർഹമായ പങ്കാളിത്തം ലഭിച്ചോ എന്ന് ചിന്തിക്കണം. മറ്റുള്ളവരുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കൊടിപിടിക്കുന്നവരായി മാറാതിരിക്കാൻ മുസ്‌ലിങ്ങൾ ബോധവാന്മാരാകണം,' അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ ജനസംഖ്യാനുപാതികമായ രാഷ്ട്രീയ പ്രാതിനിധ്യം നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ കൗൺസിലിലെ എട്ട് സീറ്റുകളിലും ജൻ സുരാജ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കിഷോർ പ്രഖ്യാപിച്ചു. കൗൺസിൽ തെരഞ്ഞെടുപ്പിനായി ആറ് സ്ഥാനാർത്ഥികളുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ച മുഖ്യപ്രതിപക്ഷമായ ആർ.ജെ.ഡിയെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. 'ഈ പട്ടിക കണ്ടാൽ ആർ.ജെ.ഡി നേതാക്കളുടെതാണെന്ന് തോന്നുമോ? കാലുമാറി വന്നവരാണ് ഇതിൽ മുഴുവൻ. പണം തന്നവർക്കൊക്കെ ടിക്കറ്റ് വിറ്റതുപോലെയാണ് അവസ്ഥ,' കിഷോർ ആരോപിച്ചു. ജൻ സുരാജ് പാർട്ടിയിലായിരുന്ന സീതാമർഹിയിലെ പ്രമുഖ ഡോക്ടർ വിനായക് ഗൗതമിന്റെ ഭാര്യ രശ്മി വിനായക് ഗൗതമിന് ആർ.ജെ.ഡി സീറ്റ് നൽകിയതിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ വിമർശനം.
മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ഭക്തിയാർപൂരിന്റെ പേര് മാറ്റി അദ്ദേഹത്തിന്റെ പേര് നൽകണമെന്ന എൻ.ഡി.എ നേതാക്കളുടെ നിർദ്ദേശത്തെയും കിഷോർ കടന്നാക്രമിച്ചു. 'ബിഹാർ ഇപ്പോൾ പൂർണമായും ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്നതിന്റെ മറ്റൊരു തെളിവാണിത്. വികസന പ്രവർത്തനങ്ങൾ കുറവും സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള ബഹളങ്ങൾ കൂടുതലുമായിരിക്കും ഇനി ഇവിടെ,' അദ്ദേഹം തുറന്നടിച്ചു. ജെ.ഡി(യു)വിന്റെ പേര് മാറ്റി 'ജെ.ഡി(യു)-നിതീഷ്' എന്നാക്കണമെന്ന പാർട്ടി നേതാക്കളുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പേര് എന്ത് മാറ്റിയാലും കാര്യമില്ലെന്നും യഥാർത്ഥത്തിൽ ജെ.ഡി(യു)വിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് നിതീഷ് കുമാറല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.