സർവം മഞ്ഞയും ചുവപ്പും! പുതിയ ടി.എൻ.എസ്.ടി.സി ബസും ബുക്കിങ് ആപ്പും ടി.വി.കെയുടെ നിറത്തിൽ
ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (ടി.എൻ.എസ്.ടി.സി) കീഴിൽ തമിഴ്നാട് സർക്കാർ വാങ്ങിയ പുതിയ ബസുകളുടെ നിറം വിവാദത്തിൽ. ടി.വി.കെയുടെ പതാക നിറമായ മഞ്ഞയും ചുവപ്പുമാണ് പുതിയ ബസിനു നൽകിയിരിക്കുന്നത്. ബസുകളുടെ നിറത്തോടൊപ്പം ബുക്കിങ് ആപ്പിലെ നിറവും സമാനമായ അവസ്ഥയിലാണ്. ഈ ബസുകൾ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുതിയതായി സർവീസ് തുടങ്ങാൻ പോകുന്ന ബസുകളാണ്.
ടി.വി.കെയുടെ പതാക നിറമായ മഞ്ഞയും ചുവപ്പും ബസിന് നൽകിയത് സമൂഹമാധ്യമത്തിലുൾപ്പെടെ വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. ടി.വി.കെ അധികാരത്തിൽ വന്നതിനു ശേഷം വന്ന പ്രഖ്യാപനങ്ങളിൽ ജനശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു പുതിയ ബസുകളെല്ലാം എസി ആക്കുമെന്നത്. ഇതിന്റെ ആദ്യഘട്ടം ചെന്നൈ നഗരത്തിലാണ് നടപ്പാക്കുന്നത്.
ആയിരം എസി മിനി ബസുകളാണ് ചെന്നൈ നഗരത്തിൽ നിരത്തിലിറക്കുക. ഇതുകൂടാതെ സേലം ഡിവിഷന് കീഴിലുള്ള ടി.എൻ.സി.ടി.സി ഡിപ്പോയിലേക്കെത്തിയ പുതിയ 25 ബസുകൾക്കും ഇതേ നിറമാണ് നൽകിയിരിക്കുന്നത്. സേലം നഗരത്തിൽ സർവീസ് നടത്താനുള്ള ബസുകളാണിവ.
ഗതാഗത മന്ത്രി തമിഴൻ പാർഥിപന്റെ മണ്ഡലമാണ് സേലം. ഈ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്രയാണ് വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ പുതിയ ബസുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി കഴിഞ്ഞിട്ടില്ല. ഭരിക്കുന്ന പാർട്ടിയുടെ കൊടി നിറം സർക്കാർ ബസുകൾക്ക് നൽകുന്നത് കരുണാനിധിയുടെയും ജയലളിതയുടെയും കാലത്തും സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.