ബംഗളൂരു: നഗരത്തിൽ ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങളും ഫർണിച്ചറുകളും ഒലിച്ചുപോയതായി പരാതി. മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിലെ ആഭരണങ്ങളാണ് നഷ്ടമായത്. 50,000 രൂപയും നഷ്ടമായതായി ന്യൂസ് 18 കന്നഡ റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ അടക്കാൻ പോലും കഴിയാത്തതാണ് വന്‍നഷ്ടത്തിനിടയാക്കിയത്. ഡിസ്െപ്ലക്കായി വെച്ചിരുന്നതും സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നതുമായ ആഭരണങ്ങളാണ് ഒലിച്ചുപോയത്. മേയ് 27ന് ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സംഭവം.
സഹായത്തിനായി കോർപറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഉടമ പ്രിയ കുറ്റപ്പെടുത്തി. അഴുക്കുചാൽ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ ആരോപിച്ചു.
കർണാടകയിൽ കനത്ത നാശം വിതച്ച് വേനൽമഴ തുടരുകയാണ്. ഏഴുപേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്. ബംഗളൂരുവിൽ മാത്രം രണ്ടുപേർ മരിച്ചു. കെ.ആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഇൻഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖയും (22) കെ.പി അഗ്രഹാരയിൽ വീടിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ലോകേഷ് (31) എന്നയാളുമാണ് മരിച്ചത്. അടിപ്പാതകളിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുകയും ഓടകളിലെ ചെളിയും മണ്ണും നീക്കുകയും ചെയ്യുന്നുണ്ടെങ്കിലും മഴ തുടരുന്നത് തിരിച്ചടിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.