'അമ്മ വിഷമിക്കരുത്, ഈ സ്കൂൾ അധികൃതരാണ് എന്നെ കൊന്നത്' -ആത്മഹത്യക്ക് തൊട്ടുമുമ്പ് അവൻ കുറിച്ചു

'അമ്മേ, അമ്മയാണ് ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരി. ഏറ്റവും ധൈര്യശാലിയും. എന്റെ എല്ലാമെല്ലാം അമ്മയാണ്. അമ്മ സങ്കടപ്പെടരുത്. ഈ സ്കൂൾ അധികൃതരാണ് എന്നെ കൊന്നത്. അച്ഛനോടും ദാദയോടും എന്നെക്കുറിച്ചും എന്റെ യഥാർഥ പ്രശ്നം എന്താണെന്നും പറഞ്ഞുകൊടുക്കണം. ബന്ധുക്കൾ എന്തു കരുതും എന്ന് അമ്മ നോക്കണ്ട.

അമ്മയാണ് ഏറ്റവും സുന്ദരിയും ധൈര്യശാലിയും'. താമസിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്നും ചാടി ജീവൻ ഒടുക്കുന്നതിന് തൊട്ടുമുമ്പ് ആ 16കാരൻ സ്വന്തം അമ്മക്ക് എഴുതിയ എഴുത്താണിത്. അവനിന്ന് ഈ ലോകത്തില്ല. അവ​ന്റെ അമ്മ തനിച്ചായി. ഡൽഹിയിലെ ഗ്രേറ്റർ ഫരീദാബാദിൽ മൂന്ന് ദിവസം മുമ്പാണ് സംഭവം. ഡൽഹിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയാണ് ആൺകുട്ടി. അമ്മ അധ്യാപികയാണ്.

കഴിഞ്ഞ ദിവസം അവൻ കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളിൽനിന്നും അനുഭവിച്ച തിക്താനുഭവമാണ് അവനെ മരണത്തിലേക്ക് നയിച്ചത്. ലൈംഗിക ന്യൂനപക്ഷത്തിൽപെട്ട കുട്ടിയായിരുന്നു മരണപ്പെട്ടത്. അവന്റെ അമ്മയോട് അവൻ കാര്യങ്ങൾ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. കുറച്ചുനാളുകൾക്ക് മുമ്പ് സ്കൂളിലെ ശുചിമുറിയിൽവെച്ച് കൂടെ പഠിക്കുന്ന ആൺകുട്ടികൾ ശുചിമുറിയിൽവെച്ച് അവനെ ലൈംഗികമായി ആക്രമിച്ചു. അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്ന് അമ്മ സ്കൂളിലെത്തി പ്രിൻസിപ്പൾ അടക്കമുള്ളവരോട് വിവരം പങ്കുവെച്ചു. പരാതി ഓൺലൈൻ വഴി അയച്ചുനൽകുകയും ചെയ്തു.

പക്ഷേ, സ്കൂൾ അധികൃതർ നടപടി എടുത്തില്ല. മാത്രമല്ല, അവനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തു. സ്കൂൾ വീണ്ടും തുറന്നതോടെ ആൺകുട്ടി ക്ലാസിൽ എത്തിയപ്പോൾ പരിഹാസം ഏൽക്കേണ്ടിവന്നു. ഗുരുതര മാനസിക സംഘർഷത്തിലായതിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അമ്മ പല തവണ സ്കൂൾ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് ആത്മഹത്യ. കുട്ടിയുടെ ആത്മഹത്യ വിവാദമായതിനെ തുടർന്ന് പൊലീസ് സ്കൂൾ പ്രിൻസിപ്പളിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Tags:    
News Summary - Headmistress held over Faridabad student suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.