ബംഗളൂരു: ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയതിനെ കുറിച്ച് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തന്റെ പാർട്ടിയെ പിന്നിൽനിന്ന് കുത്തുകയാണ് ഷെട്ടാർ ചെയ്തതെന്നും ഇന്നലെ വരെ ബി.ജെ.പിയുടെ ആശയങ്ങളെ എതിർത്തയാളായായിരുന്നു അദ്ദേഹമെന്നും ശിവകുമാർ പറഞ്ഞു. ഷെട്ടാർ കോൺഗ്രസ് വിട്ടതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ.
''ആ വാർത്തയറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ബി.ജെ.പി കൈവിട്ടപ്പോൾ, കർണാടകയിൽ തെൻറ രാഷ്ട്രീയ കരിയർ വീണ്ടും രൂപപ്പെടുത്തിയത് കോൺഗ്രസ് ആണെന്ന് അദ്ദേഹം ഇന്നലെയും കൂടി പറഞ്ഞതാണ്. അയോധ്യയിലെ രാമക്ഷേത്രം വെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. എത്രപെട്ടെന്നാണ് അവരുമായി കൂടിക്കാഴ്ച നടത്തി വാഗ്നാനങ്ങളിൽ ഷെട്ടാർ വീണുപോയത്.''-ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയാണ് കണ്ടത്. അർഹിക്കുന്ന എല്ലാ ബഹുമതിയും ഷെട്ടാർക്ക് നൽകി. അദ്ദേഹത്തിന് മറ്റ് താൽപര്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ അമിത് ഷാ എന്താണ് വാഗ്ദാനം നൽകിയത് എന്നറിയില്ല. എന്താകുമെന്ന് കാത്തിരുന്ന് കാണാം.-ശിവകുമാർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയ വാർത്ത പുറത്തുവന്നത്. മുമ്പ് പാർട്ടി തന്നിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഏൽപിച്ചിരുന്നു. ചില പ്രശ്നങ്ങൾ കാരണമാണ് ഞാൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ എട്ടൊമ്പത് മാസമായി എന്നെ തിരിച്ചുകൊണ്ടുവരാൻ ബി.ജെ.പിയിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. കർണാടകയിലെ ബി.ജെ.പി നേതാക്കളും അണികളും മടങ്ങിവരാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ഞാൻ ബി.ജെ.പിയിലേക്ക് തന്നെ മടങ്ങുകയാണ്.''-എന്നായിരുന്നു ഇതുസംബന്ധിച്ച് ഷെട്ടാറിന്റെ പ്രതികരണം.
മൂന്നുപതിറ്റാണ്ടുകാലം ബി.ജെ.പിയിലുണ്ടായിരുന്ന ഷെട്ടാർ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് കോൺഗ്രസ് ടിക്കറ്റിൽ ഹുബ്ബള്ളി-ധർവാദ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിയോട് പരാജയപ്പെട്ടു. അതേസമയം, കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കാൻ ഷെട്ടാറിന് താൽപര്യമുണ്ടായിരുന്നുവെന്നും എന്നാൽ പാർട്ടി ടിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അതിനു പിന്നാലെയാണ് ലോക്സഭ സ്ഥാനാർഥിയാക്കാം എന്ന വാഗ്ദാനവുമായി ബി.ജെ.പി നേതാക്കൾ ഷെട്ടാറിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.