'പെഗസസ് ചാര സോഫ്റ്റ്‍വെയർ വാങ്ങിയിട്ടില്ല'; മമതയുടെ ആരോപണം തള്ളി ടി.ഡി.പി

ഹൈദരാബാദ്: ചന്ദ്രബാബു നായിഡു നേതൃത്വം നൽകിയ അന്ധ്രപ്രദേശിലെ മുൻ സർക്കാർ പെഗസസ് ചാര സോഫ്റ്റ്‍വെയർ വാങ്ങിയെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം തള്ളി തെലുഗുദേശം പാർട്ടി (ടി.ഡി.പി). നായിഡു സർക്കാർ പെഗസസ് സോഫ്റ്റ്‍വെയർ വാങ്ങിയിട്ടില്ലെന്ന് ടി.ഡി.പി ജനറൽ സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു. സർക്കാർ നിയമവിരുദ്ധമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മമത അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നും ഏത് സന്ദർഭത്തിൽ എവിടെ വച്ചാണ് പ്രസ്താവന നടത്തിയതെന്നും അറിയില്ല. മമത ബാനർജി അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അവർ തെറ്റായ വിവരമാണ് പ്രചരിപ്പിക്കുന്നതെന്നും ലോകേഷ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന് പെഗസസ് സോഫ്റ്റ്‍വയർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നുവെന്ന് നായിഡു സർക്കാറിൽ ഐ.ടി മന്ത്രിയായിരുന്ന ലോകേഷ് പറഞ്ഞു. 2021 ആഗസ്റ്റിൽ ഡി.ജി.പി ഗൗതം സവാങ്ങിന്റെ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ ആന്ധ്ര സർക്കാർ പെഗസസ് സോഫ്‌റ്റ്‌വെയർ വാങ്ങിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായും ലോകേഷ് ചൂണ്ടിക്കാട്ടി.

തന്റെ സർക്കാറിന് പെഗസസ് ചാര സോഫ്റ്റ്‍വെയർ വാഗ്ദാനം ചെയ്തതായി ബംഗാൾ നിയമസഭയിൽ മമത ബാനർജി വെളിപ്പെടുത്തിയിരുന്നു. ജനങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറാൻ അനുവാദമില്ലാത്തതിനാൽ വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്‍റെ കാലത്ത് ആന്ധ്ര സർക്കാറിന് പെഗസസ് സോഫ്റ്റ്‍വയർ ഉണ്ടായിരുന്നതായി തൃണമൂൽ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു.

Tags:    
News Summary - 'Haven't bought Pegasus spy software'; TDP rejects Mamata's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.