കൊൽക്കത്ത: പശ്ചിമ ബംഗാളിനു പിന്നാലെ ഇടതുപക്ഷത്തിെൻറ ഉരുക്കുകോട്ടയായ ത്രിപുരയിലും ഭരണം നഷ്ടമായതോടെ അടവുനയത്തിൽ കാതലായ മാറ്റംവേണമെന്നും കോൺഗ്രസുമായി സഹകരിക്കണമെന്നുമുള്ള ആവശ്യം സി.പി.എമ്മിൽ ശക്തമാകുന്നു. ത്രിപുരയിലെ പരാജയം നിരവധി ചോദ്യങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെന്നും മാറിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും ബംഗാളിലെ നേതാക്കൾ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച തുടങ്ങുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇൗ ആവശ്യം മുഴങ്ങുമെന്നാണ് കരുതുന്നത്.
പുതിയ വഴികൾ തേടാൻ പരാജയം തങ്ങളെ പ്രേരിപ്പിക്കുന്നെന്ന് പോളിറ്റ് ബ്യൂറോ അംഗം ഹന്നൻ മൊല്ല പ്രതികരിച്ചു. കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന തീരുമാനമാണ് പാർട്ടി കരടുരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ത്രിപുരയിലെ പരാജയശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ തന്ത്രങ്ങളിലും നയത്തിലും പുനരാലോചന ആവശ്യമാണ്. പാർട്ടി കോൺഗ്രസിൽ ഇക്കാര്യം ചർച്ചചെയ്യേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, കരടുരേഖയിൽ ഇനിയും കൂട്ടിച്ചേർക്കൽ ആകാമെന്നും സൂചിപ്പിച്ചു.
രാഷ്ട്രീയ-അടവുനയം അംഗീകരിക്കുംമുമ്പ് ത്രിപുരയിലെ പരാജയം അടക്കം വിഷയങ്ങൾ ചർച്ചചെയ്യുമെന്ന് മറ്റൊരു പി.ബി അംഗം മുഹമ്മദ് സലീം പറഞ്ഞു. പുതിയ സാഹചര്യത്തിൽ കോൺഗ്രസുമായി സഹകരണത്തിെൻറ വാതിൽ തുറന്നിടാൻ സാധ്യത ഏറെയാണെന്ന് ഒരു കേന്ദ്ര കമ്മിറ്റി അംഗം അഭിപ്രായപ്പെട്ടു.
ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് അടക്കം മതേതര പാർട്ടികളുമായി സഹകരിക്കണമെന്ന അഭിപ്രായം ബംഗാൾ ഘടകം നേരത്തേ ഉന്നയിക്കുന്നുണ്ട്. പാർട്ടിയുടെ ഭാവി കരട് നയരേഖ തയാറാക്കവേ ഇതിനായി ജനറൽ സെക്രട്ടറി യെച്ചൂരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശക്തമായി വാദിച്ചെങ്കിലും കേരള ഘടകത്തിെൻറ പിൻബലത്തിൽ പ്രകാശ് കാരാട്ട് പക്ഷം പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. എന്നാൽ, ത്രിപുരയിലെ ദയനീയ പരാജയത്തിലൂടെ ഉരുത്തിരിഞ്ഞ ഭീതിദ സാഹചര്യത്തിൽ യെച്ചൂരിയും ബംഗാൾ ഘടകവും പുനരാലോചനക്കായി വീണ്ടും സമ്മർദം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.