ചെന്നൈ: നവ ദമ്പതികൾ എത്രയും പെട്ടെന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന അഭ്യർത്ഥനയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നാഗപട്ടിനത്തില്‍ ഡി.എം.കെ ജില്ല നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലം പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തെ പരിഹസിച്ചാണ് സ്റ്റാലിന്‍റെ പ്രതികരണം.
നേരത്തെ നിങ്ങൾ സമയമെടുത്ത് ഒരു കുഞ്ഞിന് ജന്മം നൽകുക എന്നായിരുന്നു പറയാറുണ്ടായിരുന്നത്. എന്നാലിപ്പോൾ മോദി സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് പദ്ധതിയിടുന്ന പശ്ചാത്തലത്തില്‍ കുടുംബാസൂത്രണത്തിനു വേണ്ടി സമയമെടുക്കാന്‍ പറയാന്‍ തനിക്കാവില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം ജനസംഖ്യ നിയന്ത്രിച്ച തമിഴ്‌നാട്ടുകാര്‍ക്ക് ഇപ്പോള്‍ ജനസംഖ്യ കുറഞ്ഞത് കൊണ്ട് മണ്ഡലങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ജനസഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍വിഭജനം നടത്തിയാല്‍ തമിഴ്നാടിന് വലിയ നഷ്ടമാകുമെന്നാണ് സ്റ്റാലിന്റെ വാദം. വൈകാതെ കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കാന്‍ പറഞ്ഞ സ്റ്റാലിന്‍, മക്കൾക്ക് നല്ല തമിഴ് പേരുകള്‍ നല്‍കാനും അഭ്യര്‍ഥിച്ചു.
ജനസംഖ്യാവര്‍ധനയുടെ നിരക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറവുമാണ്. ഈ സാഹചര്യത്തില്‍ ജനസംഖ്യാനിരക്ക് ഏകീകരിച്ച് മണ്ഡലം പുനഃസംഘടിപ്പിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ സീറ്റ് കുറയും.
അതിർത്തി നിർണയ വിഷയം ചർച്ച ചെയ്യാൻ മാർച്ച് 5 ന് സ്റ്റാലിൻ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ ഭാവിയെക്കുറിച്ച് എല്ലാവരും ഒരുമിച്ച് ചിന്തിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.