മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ തെക്കരു ഗ്രാമത്തിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിൽ (പ്രതിഷ്ഠാ ചടങ്ങ്) പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ കേസെടുത്തു. ക്ഷേത്രോത്സവത്തിന് സമീപത്തെ മസ്ജിദുകളിലേക്ക് ക്ഷണക്കത്ത് നൽകിയതിനെതിരെയായിരുന്നു പ്രകോപനപ്രസംഗം.
മുസ്‌ലിം സമുദായത്തിനെതിരെ പുഞ്ച അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും തന്റെ പ്രസംഗത്തിലൂടെ വർഗീയ വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നും ആരോപിച്ച് എസ്.ബി. ഇബ്രാഹിം നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രസംഗത്തിന്റെ ഉള്ളടക്കം മതസമൂഹങ്ങൾക്കിടയിൽ ഭിന്നത വിതക്കുകയും മേഖലയിലെ സാമുദായിക ഐക്യം തകർക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറഞ്ഞു.
ഹരീഷ് പൂഞ്ച വിദ്വേഷ പ്രസംഗം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധം ഉയർന്നു. ശനിയാഴ്ച രാത്രി തെക്കരു ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകലശോത്സവ ചടങ്ങിന്റെ വേദിയിലാണ് വിവാദ പ്രസംഗം നടത്തിയത്. വിഡിയോയിൽ എം.എൽ.എ പ്രാദേശിക മുസ്‌ലിം സമൂഹത്തിനെതിരെ മോഷണമടക്കം ആരോപിക്കുന്നത് കേൾക്കാം. ‘തെക്കരുവിലെ കൺട്രി ബിയറിസ്’ ക്ഷേത്രത്തിലെ ചടങ്ങിനായി സ്ഥാപിച്ച ട്യൂബ് ലൈറ്റുകൾ തകർത്ത് ഡീസൽ മോഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. "തെക്കരുവിൽ നിങ്ങൾ (ഹിന്ദുക്കൾ) വെറും 150 കുടുംബങ്ങൾ മാത്രമാണ്. മുസ്‌ലിം സമൂഹത്തിൽ 1,200 കുടുംബങ്ങളുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ അവരുടെ എണ്ണം 600 ആയി കുറയില്ല. പകരം, ബിയറികളുടെ എണ്ണം 5,000 ൽ നിന്ന് 10,000 ആയി വളരും. അവരുടെ എണ്ണം എന്തുതന്നെയായാലും നമ്മൾ ഒന്നിച്ച് ജാതി വ്യത്യാസങ്ങൾക്കപ്പുറം ഉയർന്നുവന്ന് ക്ഷേത്രത്തിന്റെ വികസനത്തിനായി പ്രവർത്തിക്കണം’ -എന്നായിരുന്നു എംഎൽഎയുടെ പ്രസംഗം.
മുസ്‌ലിം സമൂഹം 70 മുതൽ 74 വരെ ജാതികളായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച പൂഞ്ച, ബ്രഹ്മകലശോത്സവത്തിനുള്ള ക്ഷണക്കത്ത് പ്രാദേശിക പള്ളികളിലേക്ക് നൽകിയതിന്റെ കാരണമെന്താണെന്ന് ചോദിക്കുകയും ചെയ്തു. "തെക്കരു ഗ്രാമവാസികൾ എന്തിനാണ് പള്ളികളിലേക്ക് ക്ഷേത്ര ക്ഷണക്കത്ത് അയച്ചത്? അവരും ഞങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. ഈ ക്ഷണക്കത്ത് കാരണമാണ് അവർ ട്യൂബ് ലൈറ്റുകൾ തകർത്തത്’ -അദ്ദേഹം ആരോപിച്ചു.
അതേസമയം, ക്ഷണക്കത്ത് ലഭിച്ച ക്ഷേത്രാഘോഷത്തിന് അഭിനന്ദന ബാനറുകൾ സ്ഥാപിച്ചാണ് പ്രാദേശിക മുസ്‌ലിംകൾ പ്രതികരിച്ചിരുന്നത്. പ്രസംഗത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ എംഎൽഎ ശ്രമിച്ചുവെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.