ജിതേന്ദ്രയും യുവതിയും ഇൻസ്റ്റ റീലിൽ, ഭാര്യ ശീലു (വലത്)
ലുധിയാന: നാലു മാസം ഗർഭിണിയായിരിക്കെ എട്ടു വർഷം മുമ്പ് തന്നെ തനിച്ചാക്കി മുങ്ങിയ ഭർത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു യുവതിക്കൊപ്പം ഇൻസ്റ്റഗ്രാം റീലിൽ.
തന്നെയും മകനെയും ഉപേക്ഷിച്ച് വീടുവിട്ടുപോയ ഭർത്താവാണ് റീലിൽ എന്ന് ഉറപ്പിച്ച യുവതിയുടെ പരാതിയെ തുടർന്ന് യുവാവിനെ പൊലീസ് പഞ്ചാബിലെ ലുധിയാനയിൽ വെച്ച് പൊക്കി, കേസെടുത്തു. റീലിൽ കണ്ടെത്തിയ യുവതി ഇയാളുടെ രണ്ടാം ഭാര്യയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
2017ലാണ് യു.പിയിലെ ഹർദോയ് സ്വദേശിയായ ജിതേന്ദ്ര കുമാർ എന്ന ബബ്‍ലു നാട്ടുകാരിയായ ശീലുവിനെ വിവാഹം കഴിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. സ്ത്രീധനത്തിന്റെ പേരിൽ മർദിക്കുന്നതായി കാണിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് 2018 ഏപ്രിലിൽ ജിതേന്ദ്രയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്. മകന്റെ തിരോധാനം അന്വേഷിക്കണമെന്നും, മരുമകളും ബന്ധുക്കളും ചേർന്ന് മകനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തതായി സംശയമുണ്ടെന്നും കാണിച്ച് ജിതേന്ദ്രയുടെ പിതാവ് കേസുമായി രംഗത്തെത്തിയതോടെ ശീലുവും മാതാപിതാക്കളും ആശങ്കയിലായി. ജിതേന്ദ്രയെ കാണാതാവുമ്പോൾ ഭാര്യ നാലു മാസം ഗർഭിണിയായിരുന്നു.
പൊലീസും ബന്ധുക്കളും വിവിധ കേന്ദ്രങ്ങളിൽ അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. യുവതി ആൺകുഞ്ഞിന് ജന്മം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ജിതേന്ദ്ര കുടുംബത്തിലേക്ക് തിരികെയെത്തിയുമില്ല.
അതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാം റീലുകൾ കാണുന്നതിനിടെ യുവതി തന്റെ ഭർത്താവിനോട് സാദൃശ്യമുള്ള ചെറുപ്പകാരനെ മറ്റൊരു യുവതിക്കൊപ്പം കാണുന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വീഡിയോ കാണിച്ചു നൽകി ഇത് കാണാതായ ഭർത്താവാണെന്ന് ഉറപ്പിച്ച ശേഷം, പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ, നടന്ന അന്വേഷണത്തിലാണ് ഇയാളെ ലുധിയാനയിൽ കണ്ടെത്തിയതും എട്ടു വർഷം മുമ്പ് കാണാതായ ജിതേന്ദ്രയാണെന്ന് ഉറപ്പിച്ചതും. ലുധിയാനയിൽ മറ്റൊരു യുവതിയെ വിവാഹം ചെയ്ത ശേഷം, അവിടെ വസ്ത്ര നിർമാണ ഫാക്ടറിയിൽ വർഷങ്ങളായി ജോലി ചെയ്ത് വരികയാണ് 32 കാരനായ യുവാവ്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 82ാം വകുപ്പ് പ്രകാരം ജിതേന്ദ്രക്കെതിരെ പൊലീസ് കേസെടുത്തു. തന്നെയും മകനെയും ഉപേക്ഷിച്ച് പോയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും, ജിതേന്ദ്രയുടെ ബന്ധുക്കൾക്ക് അദ്ദേഹം എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയുമോ എന്ന് വ്യക്തമല്ലെന്നും യുവതി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.