ന്യൂഡൽഹി: ഹാദിയ കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കണമെന്നും അവർക്കെന്താണ് പറയാനുള്ളതെന്ന് അറിയണമെന്നും കോടതി വ്യക്തമാക്കി. ഹേബിയസ് കോർപസ് ഹരജിയിൽ വിവാഹം വേർപ്പെടുത്താൻ എങ്ങനെ കഴിയുമെന്ന് കേരളാ സർക്കാറിനോടും എൻ.ഐ.എ അഭിഭാഷകനോടും ചോദിച്ച സുപ്രീംകോടതി, ഹാദിയയെ തടവിലാക്കാൻ പിതാവിന് കഴിയില്ലെന്നും വ്യക്തമാക്കി.
മാനസിക പ്രശ്നങ്ങൾ ഇല്ലാത്ത ആൾക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവകാശമുണ്ട്. അത്തരം ഒരു സാഹചര്യം ഈ കേസിൽ ഉണ്ടോ എന്ന് പരിശോധിക്കണം. ഹേബിയസ് കോർപസ് ഹരജിയിൽ വിവാഹം റദ്ദാക്കിയ കേരളാ ഹൈകോടതി നടപടിയെയും കോടതി വിമർശിച്ചു.
വിവാഹവും എൻ.ഐ.എ അന്വേഷണവും രണ്ടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയ കേസിൽ ഹൈകോടതി വിധി എങ്ങനെ നിലനിൽക്കും. വിവാഹം റദ്ദാക്കിയതിന്‍റെ നിയമസാധുത വിശദമായി പരിശോധിക്കണമെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
ചൂടേറിയ വാദപ്രതിവാദങ്ങളും അഭിഭാഷകർ തമ്മിലുള്ള വാക്കേറ്റങ്ങളും സുപ്രീംകോടതിയുടെ താക്കീതും 45 മിനിറ്റ് നീണ്ട വാദത്തിനിടെ കോടതിയിൽ അരങ്ങേറി. കേരളത്തിൽ സംഘർഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സംസ്ഥാനത്ത് എത്തുന്നത് സംഘർഷം ഉണ്ടാക്കാനാണ്. എൻ.ഐ.എ കേന്ദ്രസർക്കാരിന്‍റെ കൈയിലെ പാവയാണെന്നും ഷെഫിൻ ജഹാന്‍റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ ആരോപിച്ചു.
ദവെ പരാമർശത്തിൽ കോപാകുലരായ ജഡ്ജിമാർ രാഷ്ട്രീയ വിഷയങ്ങൾ കോടതിയിൽ പരാമർശിക്കരുതെന്ന് താക്കീത് ചെയ്തു. ഭരണഘടനാപരവും നിയമപരവും ആയ വിഷയങ്ങൾ മാത്രമെ കോടതിയിൽ പരാമർശിക്കാവൂ എന്നും നിർദേശിച്ചു.
ഹാദിയയുടെ ഭാഗം അഞ്ചു തവണ കേരളാ ഹൈകോടതി കേട്ടതാണ്. വിവാഹത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും ഭർത്താവ് ഷെഫിന്‍ ജഹാനൊപ്പം വിട്ടയക്കണമെന്നും ഹാദിയ ഹൈകോടതിയിൽ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ, ഇക്കാര്യങ്ങൾ കോടതി പരിഗണിച്ചില്ലെന്നും ഷെഫിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ തങ്ങൾക്ക് കൂടി കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് മൂന്നംഗ ബെഞ്ച് പറഞ്ഞു.
ഹാദിയയെ നേരിട്ടു കണ്ട് മൊഴിയെുക്കണമെന്ന സംസ്ഥാന വനിതാ കമീഷന്‍റെ അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. ആവശ്യം ഇപ്പോൾ പരിഗണിക്കേണ്ട വിഷയമല്ലെന്നും കോടതി വ്യക്തമാക്കി.
എൻ.ഐ.എ അന്വേഷണം ചോദ്യം ചെയ്ത് ഹദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിശദമായ വാദം കേട്ടത്. കേസ് വിശദ വാദത്തിനായി ഈ മാസം 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.