എച്ച്1ബി വിസ നയം: യു.എസ് കമ്പനികൾ ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റാനൊരുങ്ങുന്നു

ബംഗളൂരു: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച്1ബി വിസ അപേക്ഷ ഫീസ് ലക്ഷം ഡോളറിലേക്ക് ഉയർത്തിയതോടെ അമേരിക്കയിലെ വിവിധ കമ്പനികൾ തങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങൾ ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബഹുരാഷ്ട്ര കമ്പനികൾ അതതു രാജ്യങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കാനായി ഗ്ലോബൽ കാപബിലിറ്റി സെന്ററുകൾ (ജി.സി.സി) സ്ഥാപിക്കാറുണ്ട്. പ്രധാന ആസ്ഥാനത്തിന്റെ ഉപകാര്യാലയം എന്ന നിലയിൽ പ്രവർത്തിക്കുന്ന ജി.സി.സികളിലേക്ക് മാറാനാണ് യു.എസ് കമ്പനികളുടെ നീക്കം.

ഇന്ത്യയിൽ 1700ലധികം ജി.സി.സികൾ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ മൊത്തം ജി.സി.സികളുടെ പകുതിയാണിത്. അതുകൊണ്ടുതന്നെ, പ്രധാന കമ്പനികൾക്കെല്ലാം വേഗത്തിൽ അവയുടെ ഇന്ത്യൻ ജി.സി.സികളിലേക്ക് പ്രവർത്തനം മാറ്റാനാകും. അതുവഴി എച്ച്1ബി വിസ സംബന്ധിച്ച പുതിയ നയം ഏൽപിച്ച ആഘാതത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാം. നേരത്തേ 2000-5000 ഡോളർ മാത്രം വാർഷിക ഫീസ് ഉണ്ടായിരുന്ന എച്ച്1ബി വിസക്കാണ് ട്രംപ് ലക്ഷം ഡോളറായി പുതുക്കി നിശ്ചയിച്ചത്.

എച്ച്1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശരാശരി വാർഷിക വരുമാനത്തിന്റെ അത്രയും വരുമിത്. ഇത്രയും തുക നൽകി കമ്പനികൾക്ക് വിദേശികൾക്ക് തൊഴിൽ നൽകുക പ്രായോഗികമല്ല. ഈ പ്രതിസന്ധി അതിജീവിക്കാൻ യു.എസ് കമ്പനികൾ പ്രവർത്തനം മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനൊരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ജി.സി.സി കേന്ദ്രീകരിച്ചുള്ള ഈ മാറ്റം ഇന്ത്യയിലെ തൊഴിൽ വിപണിയെ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - H1B visa policy: US companies set to shift operations to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.