എച്ച് -1 ബി വിസ ഫീസ്
ന്യൂഡൽഹി: 2023 ജൂൺ 24ന് വാഷിങ്ടണിലെ റീഗൽ ബിൽഡിങ്ങിൽ ഇന്ത്യക്കാർ തിങ്ങിനിറഞ്ഞ സദസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഖ്യാപനം നടത്തി. എച്ച് 1ബി വിസയുടെ കാര്യത്തിൽ ഇന്ത്യക്കാർ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇതെന്ന് മുഖവുരയോടെയായിരുന്നു പ്രധാനമന്ത്രി തുടങ്ങിയത്. യു.എസിൽ ഉള്ള ഇന്ത്യക്കാർക്ക് ഇനി എച്ച് 1ബി വിസ പുതുക്കാനുള്ള ഇവിടെനിന്ന് പുറത്തുപോകേണ്ടിവരില്ലെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നായിരുന്നു തുടർന്നുള്ള പ്രഖ്യാപനം. അതിന്റെ പൈലറ്റ് പ്രോജക്ട് ആരംഭിക്കുകയാണെന്നു കൂടി പ്രധാനമന്ത്രി പറഞ്ഞതും നിലക്കാത്ത ഹർഷാരവങ്ങളോടെ സദസ്സ് ഒന്നാകെ എഴുന്നേറ്റ് നിന്നാണ് പ്രഖ്യാപനത്തെ വരവേറ്റത്.
എന്നാൽ, രണ്ടു വർഷം കഴിയുമ്പോൾ എച്ച് 1ബി വിസ സ്വപ്നത്തിന് തന്നെ അന്ത്യം കുറിച്ച് തങ്ങളുടെ നെഞ്ചിൽ യു.എസ് പ്രസിഡന്റ് കനൽ കോരിയിടുന്നതാണ് ഇന്ത്യക്കാർക്ക് കാണേണ്ടി വന്നത്. അതിന്റെ അങ്കലാപ്പും വെപ്രാളവുമാണ് ഇന്ത്യയിലെയും യു.എസിലെയും വിമാനത്താവളങ്ങളിൽ പോയ മണിക്കൂറുകളിൽ കണ്ടത്. ഇന്ത്യൻ വിദേശനയത്തിനേറ്റ തിരിച്ചടി കൂടിയാണ് ഇക്കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയത്തിനേറ്റ കനത്ത തിരിച്ചടി മറച്ചുപിടിക്കാൻ ഇന്ത്യയിൽനിന്നും യു.എസിലേക്കുള്ള പ്രതിഭാശാലികളുടെ കുടിയേറ്റം ഇതോടെ നിൽക്കുമെന്നും യു.എസിൽ പോയ ഇന്ത്യൻ പ്രതിഭാശാലികളെല്ലാം ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്നുമാണ് സർക്കാർ പക്ഷത്തുനിന്ന് ഇതിനെയും ന്യായീകരിക്കുന്നവർ പറയുന്നത്. ഹ്രസ്വകാലത്തേക്ക് നഷ്ടമുണ്ടായാലും ദീർഘകാലത്തേക്ക് ഇന്ത്യക്ക് നേട്ടമുണ്ടാക്കി രാജ്യത്തിന് ആത്മനിർഭരതയുണ്ടാക്കാമെന്നാണ് ദുർബല ന്യായീകരണം.
യഥാർഥത്തിൽ ഇന്ത്യയിൽ ഐ.ടി മേഖലയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കനത്ത പ്രഹരമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഐ.ടി പഠിച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെക്കൂടി ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കും. യു.എസിൽ തൊഴിൽ സ്വപ്നം കണ്ട് വൻ തുക ലോണെടുത്ത് യു.എസിൽ പോകുന്നവർക്ക് മുന്നിലുള്ള വാതിലാണ് യു.എസ് പ്രസിഡന്റ് കൊട്ടിയടച്ചിരിക്കുന്നത്. യു.എസിൽ തൊഴിലെടുക്കാൻ അനുവദിക്കാത്തതിന്റെ പ്രത്യാഘാതം ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഐ.ടി കമ്പനികളെയും ബാധിക്കും.
2017ൽ തന്റെ ഒന്നാമൂഴത്തിൽതന്നെ ട്രംപ് എച്ച് 1ബി വിസക്ക് എതിരാണ് താനെന്ന് പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും നരേന്ദ്ര മോദി അദ്ദേഹത്തിനൊപ്പമായിരുന്നു. യു.എസുകാരായ പ്രഫഷനലുകൾക്ക് അവസരം നൽകാതിരിക്കാൻ എച്ച് 1ബി വിസ ഐ.ടി കൺസൾട്ടൻസികൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആക്ഷേപിച്ചാണ് ട്രംപിന്റെ കടുംകൈ. ഒരു ഭാഗത്ത് ലേ ഓഫ് പ്രഖ്യാപിച്ച് ഐ.ടി പ്രഫഷനലുകളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ് മറുഭാഗത്ത് കൂടുതൽ എച്ച് 1ബി വിസക്കാരെ എടുക്കുന്നത് ദുരുപയോഗത്തിന്റെ ഉദാഹരണമായി യു.എസ് ചുണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ വേതനം കുറച്ച് യു.എസ് പൗരന്മാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും ശാസ്ത്ര സാങ്കേതിക, ഗണിത മേഖലകളിൽ വൈദഗ്ധ്യമുള്ള യു.എസ് പൗരന്മാർക്ക് ഇത് തിരിച്ചടിയായെന്നും പറയുന്നു. എച്ച് 1ബി വിസ യു.എസ് സമ്പദ് വ്യവസ്ഥക്ക് ആഘാതമേൽപിക്കുന്നെന്ന് മാത്രമല്ല, ദേശസുരക്ഷ അപകടത്തിലാക്കുന്നുണ്ടെന്നും ട്രംപ് ഭരണകൂടം കടുത്ത നടപടിക്ക് ന്യായം നിരത്തുന്നു.
യഥാർഥത്തിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ് മേഖലകളിൽ ജോലിക്ക് ആളുകളെ കണ്ടെത്താൻ പ്രയാസമുള്ളതിനാലാണ് ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്കായി 1990-ൽ എച്ച് 1ബി വിസ ആരംഭിച്ചത്. ഓരോ വർഷവും 85,000 വിസകളാണ് നറുക്കെടുപ്പിലൂടെ നൽകിയിരുന്നത്. ഈ വർഷം ആമസോൺ ആണ് എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ നേടിയത്. 10,000ൽ അധികം വിസകൾ ലഭിച്ചു. ടാറ്റ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗ്ൾ എന്നീ കമ്പനികളാണു തൊട്ടുപിന്നിലുള്ളത്. കലിഫോർണിയയിലാണ് എച്ച്1ബി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ളത്.
ഉത്തരവിന് പിന്നാലെ രാജ്യത്തിന് പുറത്തുള്ള എച്ച് വൺബി വിസക്കാരോടും അവരുടെ കുടുംബങ്ങളോടും 24 മണിക്കൂറിനകം യു.എസിലേക്ക് മടങ്ങാൻ എമിഗ്രേഷൻ അഭിഭാഷകരും കമ്പനികളും ആവശ്യപ്പെട്ടു. അല്ലെങ്കിൽ യു.എസിലേക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെടുകയോ ഒറ്റപ്പെട്ടുപോകുയോ ചെയ്യുന്ന സാഹചര്യം സംജാതമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി ഈ വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ സ്ഥലം മാറ്റം പ്രയാസമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എച്ച് -1 ബി വിസ വാർഷിക ഫീസ് ലക്ഷം ഡോളറാക്കി (ഉദ്ദേശം 88 ലക്ഷം രൂപ) ഉയർത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയുടെ ആഘാതങ്ങൾ അളക്കാവുന്നതിനുമപ്പുറമായിരിക്കുമെന്ന് വിലയിരുത്തൽ. എച്ച് -1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യക്കാർക്ക് പ്രത്യക്ഷത്തിൽതന്നെ പ്രഹരമാണ് ഈ നടപടി. അതോടൊപ്പം, അമേരിക്കയുടെ തൊഴിൽ മേഖലയെയും അതുവഴിയുള്ള മുന്നേറ്റങ്ങളെയും പുതിയനയം ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ട്രംപിനെ സംബന്ധിച്ച് അദ്ദേഹവും റിപ്പബ്ലിക്കൻ പാർട്ടിയും മുന്നോട്ടുവെച്ച വാഗ്ദാനംകൂടിയാണ് എക്സിക്യുട്ടിവ് ഓർഡറിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നത്.
രാജ്യത്തെ പൗരന്മാരെ മാറ്റി കുറഞ്ഞ ചെലവിൽ വിദേശത്തുനിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്യാനുളള എളുപ്പവഴിയാണ് എച്ച് -1ബി വിസയെന്നാണ് ട്രംപിന്റെ വാദം. ലോകത്ത് ഏറ്റവും കുടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന വിസയെന്നും അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. പ്രാഥമികമായ വിലയിരുത്തലിൽ ഇതു ശരിയാണെന്ന് തോന്നും. 1500 ഡോളർ മുതൽ 5000 ഡോളർവരെയായിരുന്നു എച്ച്-1 ബി വിസക്ക് തൊഴിൽ മേഖലയെ അടിസ്ഥാനമാക്കി നിശ്ചയിച്ചിരുന്നത്. ഇതാണിപ്പോൾ ലക്ഷം ഡോളറിലേക്ക് ഉയർത്തിയിരിക്കുന്നത്.
ഇതുവരെയും കുറഞ്ഞ തുകക്ക് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ കമ്പനികൾക്ക് എത്തിക്കാമായിരുന്നു. ഈ ആനുകുല്യം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് ശാസ്ത്ര-സാങ്കേതിക മേഖലയിൽ (സ്റ്റെം) പ്രവർത്തിക്കുന്ന കമ്പനികളായിരുന്നു; വിശേഷിച്ചും ടെക് ഭീമന്മാരായ ആപ്പിൾ. മൈക്രോ സോഫ്റ്റ്, മെറ്റ, ഗൂഗ്ൾ തുടങ്ങിയവ. ഇന്ത്യയിൽനിന്നുള്ള ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങിയ കമ്പനികളും എച്ച് -1ബി വിസ ആനുകൂല്യം ഉപയോഗപ്പെടുത്തി. ഈ ആനുകൂല്യം അനുവദിക്കുന്നതിലൂടെ യു.എസ് പൗരന്മാർക്ക് വലിയ തോതിൽ തൊഴിൽ നഷ്ടം സംഭവിക്കുന്നുവെന്നും വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികൾ കൂടുന്നുവെന്നുമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം.
വിദേശ പൗരന്മാരുടെ തൊഴിൽ അധിനിവേശവും റിപ്പബ്ലിക്കൻപാർട്ടിയും ട്രംപും ഉന്നയിക്കുന്നുണ്ട്. പ്രതിവർഷം ആറര ലക്ഷം എച്ച് -1 ബി വിസയാണ് രാജ്യം അനുവദിക്കുന്നത്. ഇതിനുപുറമെ, 20,000 വിസ റിസർവ് കാറ്റഗറിയിലും അനുവദിക്കുന്നുണ്ട്. ഇതുവഴി, സ്റ്റെം മേഖലയിൽ തൊഴിലാളികളുടെ എണ്ണം 2000-19 കാലഘട്ടത്തിൽ 12 ലക്ഷത്തിൽനിന്ന് 25 ലക്ഷമായിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച്, ഈ മേഖലകളിൽ തൊഴിലെടുക്കുന്നവരിൽ 26 ശതമാനവും വിദേശികളാണ്. എച്ച് -1 ബി വിസയിലൂടെ സാധ്യമായതാണിത്. കുറഞ്ഞ പണം ചെലവഴിച്ച് അമേരിക്കയിലെത്തുന്ന വിദേശ തൊഴിലാളികൾ തദ്ദേശീയരേക്കാൾ കൂടുതൽ സമ്പാദിക്കുന്നെന്നും കണക്കുകൾ പറയുന്നു. അമേരിക്കൻ എമിഗ്രേഷൻ കൗൺസിലിന്റെ കണക്കു പ്രകാരം, 2021ൽ ലക്ഷം ഡോളർ എച്ച് -1 ബി വിസക്കാർ സമ്പാദിക്കുമ്പോൾ യു.എസ് പൗരന്റെ വരുമാനം അതിന്റെ പകുതി മാത്രമാണ്. എന്നല്ല, കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ വിസക്കാരുടെ എണ്ണം 52 ശതമാനമാണ് വർധിച്ചത്. ഇതേ കാലയളവിൽ യു.എസ് പൗരന്മാരുടെ തൊഴിൽ വർധന 39 ശതമാനവും.
എച്ച് -1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ 70 ശതമാനത്തിനു മുകളിൽ വരും ഇന്ത്യക്കാർ. രണ്ടാമതുള്ള ചൈനയുടെ പ്രാതിനിധ്യം 12 ശതമാനം മാത്രം. വിസയുടെ ഫീസ് ലക്ഷം ഡോളറിലേക്ക് ഉയരുന്നതോടെ രണ്ടു കാര്യങ്ങൾ സംഭവിക്കുമെന്നുറപ്പ്: ഒന്ന്, നിലവിലുള്ള തൊഴിലാളികളിൽ വലിയൊരു ശതമാനം പേരുടെയും വിസ പുതുക്കാൻ കമ്പനികൾ തയാറാകില്ല. രണ്ട്, പുതിയ റിക്രൂട്ട്മെന്റുകൾ നടക്കില്ല. രണ്ടായാലും സ്റ്റെം മേഖലയിൽ ഇന്ത്യക്കാർക്ക് വലിയ തൊഴിൽനഷ്ടമുണ്ടാകും. അതിന്റെ ആഘാതം എത്രയെന്ന് കണ്ടറിയണം. 2022-23 കാലത്ത് നാലു ലക്ഷം എച്ച് -1 ബി വിസകളാണ് ഇന്ത്യക്കാർക്ക് ലഭിച്ചത് -74 ശതമാനം! ഇതിൽ ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ, വിപ്രോ എന്നീ കമ്പനികൾ മാത്രം വാങ്ങി നൽകിയത് 20,000 വിസകൾ. ഇതു പുതുക്കുമോ എന്ന് കണ്ടറിയുകതന്നെ വേണം.
ട്രംപിന്റെ എച്ച് -1 ബി വിസ പരിഷ്കരണം വലിയ അബദ്ധമാണെന്ന് വാദിക്കുന്നവരും ഏറെ. അമേരിക്കയുടെ സ്റ്റെം മേഖലയെ ഈ നടപടി തകർക്കുമെന്ന് പലരും വിലയിരുത്തുന്നു. വിദേശത്തുനിന്നുള്ളവരെ ഒഴിവാക്കി വൈദഗ്ധ്യമുള്ള പുതിയ തൊഴിലാളികളെ കണ്ടെത്തൽ അത്ര എളുപ്പമാകില്ല. നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ഈ നടപടി ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
വിസ നഷ്ടപ്പെട്ട ഇന്ത്യൻ തൊഴിലാളികൾ ഖേദിക്കേണ്ടിവരില്ലെന്നും അവർ മോദിയുടെ ‘വികസിത് ഭാരത്’ ദൗത്യത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. അമേരിക്കയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.