കച്ചിലെ മുഹമ്മദി മസ്ജിദ് അതിവേഗം പൊളിച്ചുമാറ്റിയ നടപടി; ജില്ല കലക്ടർക്ക് ഗുജറാത്ത് ഹൈകോടതിയുടെ സമൻസ്
ഗാന്ധിനഗർ: കച്ചിലെ മുഹമ്മദി മസ്ജിദ് അതിവേഗം പൊളിച്ചുമാറ്റിയ സംഭവത്തിൽ ജില്ലാ കലക്ടർക്ക് ഗുജറാത്ത് ഹൈകോടതിയുടെ സമൻസ്. ഒക്ടോബർ 30ന് ജില്ലാ കലക്ടർ അനിൽ രണവാസിയ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. നടപടികളിൽ കലക്ടർ കാണിച്ച 'അസാധാരണ തിടുക്കത്തിൽ' കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളിൽ എന്ത് തിരുത്തൽ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് നിരാൽ ആർ. മേത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. മുഹമ്മദി മസ്ജിദ് ജമാഅത്ത് ട്രസ്റ്റിയും മുതവല്ലിയുമായ സിദ്ധിക് തേജ്മൽ സാമ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. സെക്ഷൻ 61 പ്രകാരമുള്ള കൈയേറ്റ നിരോധന നടപടികൾ വെറും രണ്ടു ദിവസത്തിനകം പൂർത്തിയാക്കി ഉത്തരവ് നടപ്പിലാക്കിയ നടപടിയാണ് കോടതി ചോദ്യം ചെയ്തത്.
നിയമപരമായോ നീതിപൂർവമായോ പ്രതികരിക്കാനും അപ്പീൽ നൽകാനും മസ്ജിദിന്റെ മാനേജ്മെന്റിന് സാവകാശം നൽകാതെയാണ് ഭരണകൂടം അതിവേഗം നടപടികൾ പൂർത്തിയാക്കിയതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒക്ടോബർ 13ന് നൽകിയ ഉത്തരവിനെ തുടർന്ന് കലക്ടർ സമർപ്പിച്ച സത്യവാങ്മൂലം, മുഹമ്മദി മസ്ജിദ് പൊളിക്കാനുള്ള അസാധാരണ വേഗത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ഹൈകോടതി നിരീക്ഷിച്ചു.
അതേസമയം, പള്ളി സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്നും യാതൊരുവിധ അനുമതിയും രേഖകളുമില്ലെന്നുമാണ് കച്ച് ജില്ല കലക്ടർ അനിൽ രണവാസിയ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വാദിച്ചത്. ഹർജിക്കാർക്ക് ഭൂമിയിൽ നിയമപരമായ അവകാശമില്ലെന്നും, നോട്ടീസിന് നൽകിയ മറുപടിയിലും ഈ അവകാശം സ്ഥാപിക്കാൻ അവർക്കായിട്ടില്ലെന്നും കലക്ടർ ബോധിപ്പിച്ചു. അതിനാൽ ഹർജി തള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ വ്യക്തത വരുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കലക്ടറോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളി പുനഃസ്ഥാപിക്കുക, നഷ്ടപരിഹാരം നൽകുക, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാർ കോടതിക്ക് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 18നായിരുന്നു സെക്ഷൻ 61 പ്രകാരം സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ച് മുഹമ്മദി മസ്ജിദ് ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. പിറ്റേദിവസം തന്നെ, ഉച്ച ഒന്നോടെ മാനേജിങ് ബോഡി നോട്ടീസ് കൈപ്പറ്റിയിരുന്നു. എന്നാൽ അതേദിവസം തന്നെ മസ്ജിദ് കൈയേറ്റമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് അധികൃതർ പുറത്തിറക്കിയിരുന്നു. ഉടനെ, ജൂൺ 20ന് മാനേജിങ് ബോഡി നോട്ടീസിന് മറുപടി നൽകിയെങ്കിലും രണ്ടു ദിവസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കി തിടുക്കത്തിൽ പള്ളി പൊളിച്ചുനീക്കുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.