ഇസ്രത്ത്​ ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്​ ​അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേചെയ്തു

ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഐ.പി.എസ്​ ഉദ്യോഗസ്ഥൻ സതീഷ്​ ചന്ദ്ര വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ്​ കേന്ദ്ര നടപടി. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേചെയ്തു.

ഉത്തരവിനെതിരെ സതീഷ് ചന്ദ്ര വർമ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ഇസ്രത്ത് ജഹാൻ, മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖ് എന്നിവർ ഉൾപ്പെടെ നാലുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമർപ്പിച്ച സി.ബി.ഐ അന്വേഷണസംഘത്തിൽ ​ സതീഷ്​ ചന്ദ്ര വർമയുമുണ്ടായിരുന്നു. നിലവിൽ ഇദ്ദേഹം തമിഴ്നാട്ടിൽ സി.ആർ.പി.എഫ് ഐ.ജിയാണ്. രാജ്യത്തിന്‍റെ അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ സതീഷ്​ വർമയെ പിരിച്ചുവിട്ട്​ ആഗസറ്റ്​ 30 ന്​​ സർക്കാർ ഉത്തരവിറക്കിയത്​.

ഇസ്രത്​​ ജഹാൻ ഏറ്റുമുട്ടൽ കേസിൽ ആദ്യം ഗുജറാത്ത് ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അംഗമായിരുന്നു സതീഷ്​ വർമ. പിന്നീട് സി.ബി.ഐ അന്വേഷണ സംഘത്തിലുമുണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.പി പാണ്ഡെ, ഡി.ജി വൻസാര, പി ജി.എൽ സിംഗാൾ, റിട്ട. പൊലീസ് സൂപ്രണ്ട് എൻ.കെ അമിൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുൺ ബരോട്ട് എന്നിവരുൾപ്പെടെയുള്ള എട്ട്​ പൊലീസ്​ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2004 ജൂൺ 15നാണ് പ്രാണേഷ് പിള്ള, ഇസ്രത് ജഹാൻ, അംജദ് അലി റാണ, സീഷൻ ജോഹർ എന്നിവരെ അഹ്​മദാബാദിനടുത്ത കോതാർപൂരിൽ വെച്ച് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. നാലു പേരും ലഷ്കറെ ത്വയിബ തീവ്രവാദികളാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് എത്തിയവരാണ് എന്നുമായിരുന്നു പൊലീസ് അവകാശപ്പെട്ടിരുന്നത്.

നാലുപേരെയും കസ്റ്റഡിയില്‍വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രാണേഷ് പിള്ളയുടെ പിതാവ് ഗോപിനാഥ പിള്ളയായിരുന്നു കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇസ്രത്തിന്‍റെ മാതാവിനൊപ്പം കോടതിയെ സമീപിച്ചത്. പിരിച്ചുവിട്ട ഉത്തരവ് നടപ്പാക്കിയാൽ 1986 ബാച്ച് ഉദ്യോഗസ്ഥനായ സതീഷ് ചന്ദ്ര വർമ്മക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല.

Tags:    
News Summary - Gujarat cadre IPS officer who probed Ishrat Jahan encounter dismissed; HC stays order till September 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.