ജി.എസ്.ടി: സംശയവുമായി കോൺഗ്രസ്; ജനം സന്തോഷത്തിലെന്ന് ബി.ജെ.പി

ന്യൂഡൽഹി: ജി.എസ്.ടി നിരക്കിളവിന്റെ ആനുകൂല്യം ജനങ്ങളിലെത്തുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ്. ചെറിയ രൂപത്തിലുള്ള പരിഷ്‍കാരം നടപ്പാക്കാൻ വർഷങ്ങളെടുത്തുവെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ജി.എസ്.ടി നിരക്കുകുറക്കുന്നത് ഉപഭോക്തൃ ഉൽപന്നങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കാൻ 2017ലെ നിയമപ്രകാരം രൂപവത്കരിച്ച ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിയെ 2024ലെ വിജ്ഞാപനം വഴി ​മോദി സർക്കാർ നോക്കുകുത്തിയാക്കി. ഒരു വശത്ത് വോട്ടുമോഷണവും മറുവശത്ത് ലാഭക്കൊതിയുമായുള്ള അവസ്ഥ മൂലം ജനങ്ങൾക്ക് ജി.എസ്.ടി പരിഷ്‍കരണം കൊണ്ടുള്ള ഗുണമില്ലാതാകും. ജി.എസ്.ടിയുടെ നടപടികൾ ലഘൂകരിച്ചിട്ടില്ലെന്നും രമേശ് തുടർന്നു.

എന്നാൽ, ജി.എസ്.ടി നിരക്കിളവിൽ ജനങ്ങളാകെ സന്തോഷത്തിലാണെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഭരണകാലത്ത് വൻ നികുതി ഈടാക്കിയിരുന്ന സാധനങ്ങൾക്കാണ് ഇളവു പ്രഖ്യാപിച്ചത്. കോൺഗ്രസ് ജി.എസ്.ടിയെ ‘ഗബ്ബാർ സിങ് ടാക്സ്’ എന്ന് പരിഹസിക്കുകയാണ്. എന്നാൽ, അവരുടെ സർക്കാറിന്റെ കാലത്തെ നിരക്കുനോക്കുമ്പോൾ അത് ‘ഗബ്ബാർ സിങ്ങിന്റെ മുത്തച്ഛൻ’ നടപ്പാക്കിയ നികുതിയാണോ എന്ന് തോന്നുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.


‘എല്ലാവർക്കും നേരിട്ട് പ്രയോജനം’

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ നിലവിൽ വന്ന പരിഷ്കരിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്കുകൾ സമ്പാദ്യം വർധിപ്പിക്കുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നേരിട്ട് പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജി.എസ്.ടി സമ്പാദ്യ ഉത്സവമാണെന്നും 2047 ഓടെ വികസിത് ഭാരത് എന്ന കൂട്ടായ ലക്ഷ്യം കൈവരിക്കാൻ സ്വാശ്രയത്വത്തിന്റെ പാതയിൽ നടക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

Tags:    
News Summary - GST: Congress expresses doubts; BJP says people are happy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.