ന്യൂഡൽഹി: ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് നിയന്ത്രിത വിലക്ക് വിതരണം ചെയ്യുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താൻ മൂന്ന് പൊതുമേഖല എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ഐ.ഒ.സി, ബി.പി.സി എച്ച്.പി.സി എന്നീ പൊതുമേഖലാ കമ്പനികൾക്കാണ് നഷ്ടപരിഹാരം 12 തവണകളായി നൽകുക.
2024-25 കാലയളവിൽ അന്താരാഷ്ട്ര എൽ.പി.ജി വില ഉയർന്ന നിലയിലായി ഇപ്പോഴും അങ്ങനെതന്നെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വിലയിലെ ഏറ്റക്കുറച്ചിലുകളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ വില വർധന നടപ്പാക്കിയിരുന്നില്ല. ഇതു മൂന്ന് എണ്ണക്കമ്പനികളെയും ഗണ്യമായ നഷ്ടത്തിലേക്ക് നയിച്ചെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി), സംസ്ഥാന എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, അഫിലിയേറ്റിങ് ടെക്നിക്കൽ യൂനിവേഴ്സിറ്റികൾ (എ.ടി.യു) എന്നിവ ഉൾപ്പെടെ 275 സർക്കാർ, എയ്ഡഡ് സാങ്കേതിക സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള ബഹുമുഖ വിദ്യാഭ്യാസ-ഗവേഷണ പുരോഗതി പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.