ന്യൂഡൽഹി: പാക് വ്യോമാതിർത്തി അടച്ചതിനെതുടർന്ന് ഇന്ത്യയിലെ വിമാന കമ്പനികൾ നേരിടുന്ന പ്രതിസന്ധി പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം. സിവിൽ വ്യോമയാന മന്ത്രാലയം രൂപവത്കരിച്ച സമിതിയിൽ രാജ്യത്തെ വിവിധ വിമാനക്കമ്പനികളുടെ പ്രതിനിധികളാണ് അംഗങ്ങൾ.
മേഖലക്കുണ്ടായേക്കാവുന്ന ആഘാതം ലഘൂകരിക്കാൻ സ്വീകരിക്കേണ്ട നടപടികളടക്കം പരിശോധിക്കുന്ന സമിതി സമയബന്ധിതമായി നിർദേശങ്ങൾ സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വ്യോമമേഖല അടച്ചുപൂട്ടൽ തുടർന്നാൽ ഉണ്ടാകുന്ന ആഘാതം വിലയിരുത്താനും ബാധിച്ച സർവിസുകൾ കണക്കാക്കാനും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനക്കമ്പനികളോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ചൈനീസ് വ്യോമമേഖലയിലൂടെ പുതിയ പാതയടക്കം നിർദേശങ്ങളും നടപടികളും വിമാനക്കമ്പനികൾ സർക്കാറിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ, ദീർഘദൂര സർവിസുകൾ നടത്തുന്ന വിമാനങ്ങളിലെ ജീവനക്കാരുടെ വിശ്രമ മാനദണ്ഡങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കഴിഞ്ഞ ദിവസം പരിഷ്‍കരിച്ചിരുന്നു.
ഇന്ത്യയുടെ വടക്കൻ നഗരങ്ങളിൽനിന്ന് യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റ്, മധ്യേഷ്യയുടെ വിവിധ ഭാഗങ്ങൾ, യു.എസ് എന്നിവിടങ്ങളിലേക്ക് സർവസ് നടത്തുന്ന വിമാനങ്ങൾക്ക് പാക് വ്യോമാതിർത്തി ഒഴിവാക്കിയുള്ള പാത കൂടുതൽ ദൈർഘ്യമുള്ളതാണ്. ഇതുകൊണ്ടുതന്നെ ഇന്ധനച്ചെലവ് വർധിക്കും. പുറമെ ഇന്ധനം നിറക്കുന്നതടക്കം സാങ്കേതിക ആവശ്യങ്ങൾക്കായി യാത്രാമധ്യേ വിമാനങ്ങൾ ഇറക്കേണ്ടിയും വരുന്നത് ചെലവുകൾ ഗണ്യമായി ഉയർത്തുമെന്നും കമ്പനികൾ അറിയിച്ചിരുന്നു.
പാകിസ്താൻ വ്യോമാതിർത്തി അടച്ചതോടെ, പ്രതിവർഷം 591 മില്യൺ ഡോളറിന്റെ (50 ബില്യണ്‍ ഇന്ത്യന്‍ രൂപ) അധികച്ചെലവുണ്ടായേക്കുമെന്ന് എയർ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് പ്രത്യേക ആശ്വാസപദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി കേന്ദ്രസർക്കാറിന് കത്തുനൽകുകയുണ്ടായി. ഇതര വിമാനക്കമ്പനികളും സമാനമായ കണക്കുകൾ അധികൃതരെ അറിയിച്ച് ഇടപെടൽ തേടിയതായാണ് വിവരം. ഇതിന് പിന്നാലെയാണ് വിഷയം പഠിച്ച് നടപടികൾ നിർദേശിക്കാൻ വ്യോമയാന മന്ത്രാലയം കമ്മിറ്റിയെ നിയോഗിക്കുന്നത്.
ശ്രീനഗർ: ജമ്മു- കശ്മീരിലെ നിയന്ത്രണ മേഖലയിൽ പ്രകോപനമില്ലാതെ എട്ടിടത്ത് പാക് വെടിവെപ്പ്. ഇതിന് തിരിച്ചടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷം രൂക്ഷമായതിനിടെ തുടർച്ചയായ 11ാം ദിനമാണ് പാകിസ്താൻ സേന കാരണമില്ലാതെ വെടിവെപ്പ് നടത്തുന്നത്. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗറി, മെന്താർ, നൗഷിറ, സുന്ദർബനി, അഖ്നൂർ എന്നിവിടങ്ങളിലായിരുന്നു വെടിവെപ്പ്.
ഏപ്രിൽ 29ന് ഇരുരാജ്യങ്ങളുടെയും സൈനിക ഓപറേഷൻ ഡയറക്ടർ ജനറൽമാർ ഹോട് ലൈൻ വഴി സംഭാഷണം നടത്തിയിരുന്നു. ഇതിൽ പാകിസ്താൻ തുടരുന്ന വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കാനാവശ്യപ്പെട്ട് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.