കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ‘ഐ-പാക്കി’ന്റെ മേധാവി പ്രതീക് ജെയിനിന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെതിരെ കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധ റാലി.
മഹാരാഷ്ട്രയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന്‍റെ സഹായത്തോടെ ജനവിധി തട്ടിയെടുത്തതിനു സമാനമായി ബംഗാളിലും അട്ടിമറി നടത്താനാണ് അവർ ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ഇന്ത്യയിൽ ബി.ജെ.പി ഭരണം പാടില്ല. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) ബംഗാളിൽ സാധുവായ വോട്ടുകളെല്ലാം ഒഴിവാക്കുകയാണെന്നും അവർ ആരോപിച്ചു. ‘നിങ്ങൾ ബംഗാളി സംസാരിക്കുന്നവരാണെങ്കിൽ അവർ നിങ്ങളെ ബംഗ്ലാദേശികളാക്കും. ബംഗാളിൽ റോഹിങ്ക്യകൾ ഉണ്ടെന്നാണ് അവർ പറയുന്നത്. അസമിൽ റോഹിങ്ക്യകൾ ഇല്ലെങ്കിൽ, എന്തുകൊണ്ടാണ് അവിടെ എസ്.ഐ.ആർ ആരംഭിക്കാത്തത്? മഹാരാഷ്ട്രയിലും ഹരിയാനയിലും ചെയ്തതുപോലെ ബംഗാളിലും അധികാരത്തിൽ എത്താൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതൊരിക്കലും നടക്കില്ല’ -മമത പറഞ്ഞു.
ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ പ്രതീക് ജെയിനിന്‍റെ വീട്ടിലേക്ക് കുതിച്ചെത്തിയതിനെയും മമത പ്രതിരോധിച്ചു. സ്വയം സംരക്ഷിക്കാനുള്ള എല്ലാ അവകാശങ്ങളും തനിക്കുണ്ടെന്ന് പറഞ്ഞ മമത, രഹസ്യരേഖകൾ അവർ മോഷ്ടിച്ചുകൊണ്ടുപോയെന്നും ആരോപിച്ചു. ‘തൃണമൂൽ കോൺഗ്രസ് അധ്യക്ഷയെന്ന നിലയിലാണ് ഇന്നലെ അത് ചെയ്തത്. തെറ്റായി ഒന്നും ചെയ്തിട്ടില്ല. സ്വയം സംരക്ഷിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിനാണ് അവർ കള്ളന്മാരെ പോലെ വന്നത്. ഐ-പാക്കി’ന്‍റെ ഓഫിസിൽനിന്ന് പാർട്ടിയുടെ രഹസ്യ രേഖകൾ അവർ കടത്തിക്കൊണ്ടുപോയി’ -മമത കൂട്ടിച്ചേർത്തു. തന്നെ ഇനിയും ലക്ഷ്യമിട്ടാൽ ബി.ജെ.പിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി.
അതേസമയം, ഐ-പാക്ക് റെയ്ഡുമായി ബന്ധപ്പെട്ട ഹരജികൾ കൽക്കത്ത ഹൈകോടതി വെള്ളിയാഴ്ച പരിഗണിച്ചില്ല. ഹരജികൾ പരിഗണിക്കുന്നതിനിടെയ നാടകീയരംഗങ്ങൾ അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹരജികൾ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റിസ് സുവ്രഘോഷ് കോടതിമുറിയിൽനിന്ന് ഇറങ്ങിപ്പോയി. ഇനി ബുധനാഴ്ചയാകും ഹരജി പരിഗണിക്കുക.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂൽ കോൺഗ്രസുമായും ബംഗാൾ സർക്കാറുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ‘ഐ-പാക്ക്’ ഓഫിസിൽ വ്യാഴാഴ്ച രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥർ മിന്നൽ റെയ്ഡ് നടത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചതിൽ നിർണായക പങ്കു വഹിച്ചത് ‘ഐ-പാക്ക്’ ആയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇ.ഡിയെ അമിത് ഷാ, സ്ഥാനാർത്ഥികളുടെ പട്ടികയും പ്രചാരണ പദ്ധതിയും ഉൾപ്പെടെ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം ‘മോഷ്ടിക്കാൻ’ ഉപയോഗിക്കുന്നതായി മമത കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ, റെയ്ഡിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസിനു പുറത്ത് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എം.പിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മഹുവ മൊയ്ത്ര, ഡെറിക് ഒബ്രെയ്ൻ ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് എം.പിമാരെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. മോദിയുടെയും അമിത് ഷായുടെയും വൃത്തികെട്ട രാഷ്ട്രീയത്തെ തള്ളിക്കളയുന്നു എന്ന പ്ലക്കാർഡുകളുമായാണ് എം.പിമാർ പ്രതിഷേധിച്ചത്. ഇ.ഡി റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അവഹേളിക്കാനുള്ളതുമാണ് എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.