ന്യൂഡൽഹി: നിരപരാധികളെ കൊന്നൊടുക്കിയ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ നടപടി തുടരുന്നതിനിടെ സാമൂഹിക മാധ്യമമായ എക്സിന്റെ 8000ത്തിലധികം ഇന്ത്യയിലെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് എക്സിന്റെ നടപടി.
അന്താരാഷ്ട്ര വാർത്താ സ്ഥാപനങ്ങളും പ്രമുഖ ഉപയോക്താക്കളും നടത്തുന്ന അക്കൗണ്ടുകൾ ഉൾപ്പെടെ നിരവധി അക്കൗണ്ടുകളെ നടപടി ബാധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ വാർത്തകളും അവാസ്തവ പ്രചാരണങ്ങളും ചെറുക്കാൻ വേണ്ടിയാണ് അധികൃതരുടെ നീക്കം എന്നാണ് വിലയിരുത്തുന്നത്.
സർക്കാർ നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. ഇന്ത്യയിൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ വ്യാപകമായ അടച്ചുപൂട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ഇത് പാലിക്കുന്നതെന്ന് എക്‌സ് അറിയിച്ചിരുന്നു.
എന്നാൽ പല ഉത്തരവുകളിലും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച ഉള്ളടക്കം എന്താണെന്ന് വ്യക്തതയില്ലെന്ന് എക്സ് വ്യക്തമാക്കി. ഈ നീക്കത്തെ സെൻസർഷിപ്പിന് തുല്യമാണെന്ന് കമ്പനി വിശേഷിപ്പിക്കുകയും ചെയ്തു. അതിനിടെ നിർദേശം മറികടക്കാൻ ഇന്ത്യൻ നിയമത്തിന് കീഴിലുള്ള സാധ്യതകൾ എക്സ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.