മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ ഭരണാധികാരികളായാൽ മനുഷ്യജീവന് എന്തു വിലയുണ്ടാകുമെന്ന് അറിയാൻ ഗോരഖ്പുരിലെ റോഡുകളിലും ആശുപത്രികളിലും ഒന്ന് കണ്ണോടിച്ചാൽ മതി. പശുവിനെയുരുമ്മാതെ, ചാണകത്തിൽ ചവിട്ടാതെ ഗോരഖ്പുരിലെ ഒരു റോഡും കടന്നുപോകാനാവില്ല. റോഡിൽ അലയുന്ന ആയിരക്കണക്കിന് പശുക്കളിൽ ഒന്നിനുപോലും ഹാനി വരാതിരിക്കാനുള്ള ജാഗ്രത മനുഷ്യർക്കും വാഹനങ്ങൾക്കുമുണ്ട്. പക്ഷേ, ഇൗ ജാഗ്രത ആശുപത്രികളിൽ മനുഷ്യ ജീവനോടില്ല. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തിൽ.
സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും കുഞ്ഞുങ്ങൾ മരിച്ച മറ്റൊരു പട്ടണമുണ്ടാവില്ല. ആഗസ്റ്റ് 10നും 14നുമിടയിൽ ഒാക്സിജൻ കിട്ടാതെ മരിച്ച 73 കുട്ടികളുടെ കാര്യം രാജ്യമൊട്ടുക്കും ചർച്ചയായെങ്കിലും ഇൗവർഷം ഇതുവരെയായി ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ മസ്തിഷ്കജ്വരം ബാധിച്ചുമാത്രം മരിച്ച 1600 കുട്ടികളുടെ കാര്യം ചർച്ചാവിഷയമേ അല്ല. ഇത് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം മരിച്ച കുട്ടികളുടെ കണക്കാണ്. സർക്കാറിെൻറതന്നെ ജില്ല ആശുപത്രി വേറെയുണ്ട്. അവിടത്തെ മരണക്കണക്ക് ഇതിന് പുറമെയാണ്. ഗോരഖ്പുരിലുള്ള നൂറുകണക്കിന് സ്വകാര്യ ആശുപത്രികളിലെ ശിശുമരണ നിരക്ക് വേറെയും. പശുക്കൾ കഴിഞ്ഞാൽ ഗോരഖ്പുരിൽ ഏറ്റവും കൂടുതൽ കാണുക ആശുപത്രികളാണ്. ഒാേരാ റോഡിലും നാലും അഞ്ചും ആശുപത്രികൾ. നൂറുകണക്കിന് ആശുപത്രികളാണ് ഇൗ പട്ടണത്തിലുള്ളത്. അരഡസനിലേറെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ. നാലുപതിറ്റാണ്ടായി മസ്തിഷ്ക ജ്വരത്തിെൻറ പിടിയിലമർന്ന ഗോരഖ്പുരിൽനിന്ന് മാത്രമല്ല, ബിഹാറിലെ ജില്ലകളിൽ നിന്നും നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ നിന്നുമുള്ള രോഗികളുടെ മെഡിസിറ്റിയാണിത്.
ഗോരഖ്പുരിലെയും സമീപ ജില്ലകളിലെയും വൃത്തിഹീനമായ ജീവിതസാഹചര്യത്തിൽനിന്നും സാംക്രമിക രോഗങ്ങളുമായെത്തുന്നവർ തന്നെയാണ് ഗോരഖ്പുരിലെ ആശുപത്രിവ്യവസായത്തെ ഇത്രയും പുഷ്ടിപ്പെടുത്തിയത്. ഡോക്ടർമാർക്ക് ജോലിക്കൊരു പഞ്ഞവുമില്ലാത്ത ഇവിടെയാണ് നാലും അഞ്ചും മാസമായി യോഗി ആദിത്യനാഥ് ഡോക്ടർമാർക്ക് ശമ്പളം കൊടുക്കാത്തത്. ശമ്പളം കിട്ടാത്തവർ സർക്കാർജോലി ഉേപക്ഷിച്ച് സ്വകാര്യ പ്രാക്ടിസിന് പോകുകയാണ്.
ഗോരഖ്പുരിെൻറ സാധ്യത കണ്ടറിഞ്ഞ ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാരിലൊരാളും സ്വകാര്യ പ്രാക്ടിസ് നടത്താത്തവരായിട്ടില്ല. ഗേറ്റ് കടന്ന് വലത്തോട്ട് തിരിയാതെ നേരെ പോയാൽ ആശുപത്രിക്കടുത്തുള്ള ഡോക്ടർമാരുടെ പാർപ്പിടസമുച്ചയമാണ്. ആശുപത്രിവളപ്പായിട്ടും ഒാരോ ഡോക്ടറുടെയും വീടിനുമുന്നിൽ സ്വകാര്യപ്രാക്ടിസിെൻറ സമയം കുറിക്കുന്ന ബോർഡുകളും ബാനറുകളും നിരത്തിവെച്ചിട്ടുണ്ട്. സർക്കാർ ആശുപത്രി വളപ്പിൽ സ്വകാര്യപ്രാക്ടിസ് ഇത്രയും പരസ്യമായി നടത്തുന്നത് രാജ്യത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. എന്നിട്ടാണ് ആശുപത്രിയിലുണ്ടായ വീഴ്ച പുറത്തറിയിച്ചതിന് പ്രതികാരം ചെയ്യാൻ ഡോ. കഫീൽ ഖാെൻറ സ്വകാര്യ പ്രാക്ടിസിനെതിരെ നടപടിയെടുക്കുമെന്ന് യോഗി സർക്കാർ ഭീഷണിപ്പെടുത്തിയത്. യോഗിയുടെ ഭീഷണി ഭയന്ന് കഫീൽ പ്രാക്ടിസ് ചെയ്ത, 50 കിടക്കകളുണ്ടായിരുന്ന ആശുപത്രി അടച്ചുപൂട്ടി.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.