മോദിയെ വിമര്‍ശിച്ച് എഡിറ്റര്‍; ബഹിഷ്കരിച്ച് പത്രപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: ദി ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ് ഏര്‍പ്പെടുത്തിയ രാംനാഥ് ഗോയങ്ക മാധ്യമ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് സ്വീകരിക്കാന്‍ വിസമ്മതിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ അവാര്‍ഡുദാന ചടങ്ങ് ബഹിഷ്കരിച്ചു. സംഘാടക പത്രത്തിന്‍െറ ചീഫ് എഡിറ്റര്‍ തന്നെ വേദിയില്‍ മോദിയെ പരോക്ഷമായി വിമര്‍ശിച്ചു.

ടൈംസ് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അക്ഷയ് മുകുള്‍ ആണ് മോദിയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാതെ ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. അദ്ദേഹം എഴുതിയ ‘ഗീത പ്രസ് ആന്‍ഡ് ദ മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ’യാണ് കഥേതര പുസ്തക വിഭാഗത്തില്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നതാണ് ഈ പുസ്തകം.

അവാര്‍ഡിനോട് ബഹുമാനമുണ്ടെങ്കിലും, മോദിയുടെ ആശയങ്ങള്‍ പിന്‍പറ്റാന്‍ കഴിയില്ളെന്ന് അക്ഷയ മുകുള്‍ പറഞ്ഞു. വിഭാഗീയത വളര്‍ത്തുകയും മാധ്യമവിരുദ്ധ നയം തുടരുകയും ചെയ്യുന്ന മോദി തനിക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ കാമറക്കു മുന്നില്‍ ചിരിച്ചു നില്‍ക്കാനും, അത്തരമൊരു ചിത്രത്തില്‍ വരാനും ഇഷ്ടമല്ല. മോദിയെ ക്ഷണിച്ചതില്‍ ഇന്ത്യന്‍ എക്സ്പ്രസിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ചിലര്‍ക്കും എതിര്‍പ്പുണ്ടെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് അടിവരയിടുന്ന പ്രസംഗമാണ് അവാര്‍ഡുദാന ചടങ്ങില്‍ നന്ദി പറഞ്ഞ ദി ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജ്കമല്‍ ഝാ നടത്തിയത്. മോദിയുടെ സെല്‍ഫി പ്രിയം, ട്വിറ്റര്‍ പ്രണയം, വസ്തുതകളെ ദേശീയത പറഞ്ഞു മറച്ചുപിടിക്കുന്നത് എന്നിവയെല്ലാം പത്രക്കാരെ കുറ്റപ്പെടുത്തുന്ന മട്ടില്‍ അദ്ദേഹം വിമര്‍ശിച്ചു.

സെല്‍ഫി ജേണലിസ്റ്റുകളെയാണ് ഇന്നു കാണാന്‍ കഴിയുന്നതെന്ന് രാജ്കമല്‍ ഝാ പറഞ്ഞു. സ്വന്തം മുഖത്തിനും ചിന്തക്കും വാക്കിനുമുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ബാക്കിയെല്ലാം അലോസരമുണ്ടാക്കുന്ന പശ്ചാത്തല ശബ്ദങ്ങള്‍ മാത്രം, വസ്തുത വിഷയമല്ല. ഒരു പതാക നാട്ടി അതിനു പിന്നില്‍ മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്.

മാധ്യമ പ്രവര്‍ത്തകരിലെ പുതുതലമുറ റീട്വീറ്റുകളുടെയും ലൈക്കുകളുടെയും ലോകത്താണ്. സര്‍ക്കാറില്‍ നിന്നുള്ള വിമര്‍ശനം യഥാര്‍ഥത്തില്‍ അംഗീകാരത്തിന്‍െറ മുദ്രയാണെന്ന് അവര്‍ക്ക് അറിയില്ല. സര്‍ക്കാറിന്‍െറ വിമര്‍ശനമാണ് പത്രപ്രവര്‍ത്തനത്തില്‍ വലിയ കിട്ടല്‍. യഥാര്‍ഥത്തില്‍ നല്ല പത്രപ്രവര്‍ത്തനം മരിച്ചിട്ടില്ല. ചീത്ത പത്രപ്രവര്‍ത്തനം ഒരഞ്ചു കൊല്ലം മുമ്പത്തെക്കാള്‍ ഒരുപാട് ഒച്ചയിടുന്നുവെന്നു മാത്രം.

ഇന്ത്യന്‍ എക്സ്പ്രസ് സ്ഥാപകനായ രാംനാഥ് ഗോയങ്കയെ ഒരിക്കല്‍ കാണാന്‍ പോയത് തന്‍െറ ഭാഗ്യാവസരങ്ങളിലൊന്നായി മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിക്കിപീഡിയയില്‍ നിന്ന് വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തൊരു മുഖം ഗോയങ്കക്ക് ഉണ്ടായിരുന്നുവെന്ന് രാജ്കമല്‍ ഝാ പറഞ്ഞു. ഒരു സംസ്ഥാന മുഖ്യമന്ത്രി നല്ലവനെന്നു പറഞ്ഞ പത്രറിപ്പോര്‍ട്ടറെ പിരിച്ചുവിടുകയാണ് ഗോയങ്ക ചെയ്തത്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് വിശ്വാസ്യതയാണ് മാധ്യമ ലോകത്ത് ഏറ്റവും പ്രധാനമെന്ന മോദിയുടെ വാക്കുകള്‍ രാജ്കമല്‍ ഝാ എടുത്തു പറഞ്ഞു.

മോദിക്കൊപ്പം ദി ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ് ചെയര്‍മാന്‍ വിവേക് ഗോയങ്കയും വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ഒളിയമ്പുകള്‍. അക്ഷയ് മുകുള്‍ എത്താത്തതിനെ തുടര്‍ന്ന് പുസ്തക പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യയുടെ ചീഫ് എഡിറ്റര്‍ കൃഷന്‍ ചോപ്രയാണ് അവാര്‍ഡ് സ്വീകരിച്ചത്.

 

Tags:    
News Summary - goenka award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.