'എം.എൽ.എമാർക്ക് ബി.ജെ.പി ഓഫർ 40 കോടി, വിളിക്കുന്നത് വ്യവസായികളും കൽക്കരി മാഫിയകളും'

പനാജി: ഗോവൻ കോൺഗ്രസിൽ വിമതനീക്കം തകൃതി. വിമത എം.എൽ.എമാർ ഇന്ന് നിയമസഭ സ്പീക്കറെ കാണുമെന്നാണ് അഭ്യൂഹം. ആകെയുള്ള 11 പേരിൽ എട്ട് പേരും ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതായാണ് സൂചനകൾ. എട്ട് പേർ പാർട്ടി വിട്ടാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. ഗോവയിൽ ഇടപെടാൻ കോൺഗ്രസ് ഹൈകമാൻഡ് നിരീക്ഷകനായി മുകുൾ വാസ്നിക്കിനെ അയച്ചിട്ടുണ്ട്. അതിനിടെ, നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയാൽ പ്രതിപക്ഷമില്ലാത്ത സാഹചര്യമാണ് ഗോവയിലുണ്ടാവുക.

കൂറുമാറില്ലെന്ന് ഭരണഘടന തൊട്ട് സത്യംചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം പിന്നിടും മുമ്പേ പാർട്ടിയിൽ വിമതനീക്കങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്.

അതിനിടെ, എം.എൽ.എമാരെ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ വിലക്ക് വാങ്ങുകയാണെന്ന ആരോപണവുമായി കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോദാങ്കർ രംഗത്തെത്തി. എം.എൽ.എമാർക്ക് 40 കോടി രൂപ വീതമാണ് ബി.ജെ.പി ഓഫർ നൽകിയിരിക്കുന്നത്. ബി.ജെ.പിക്കു വേണ്ടി വ്യവസായികളും കൽക്കരി മാഫിയകളുമാണ് എം.എൽ.എമാരെ ബന്ധപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനാവാഡെ പറഞ്ഞു.

എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂടേറുമെന്ന അഭ്യൂഹങ്ങൾക്കിടെ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഇന്നലെ കോൺഗ്രസ് നീക്കിയിരുന്നു. മൈക്കിൾ ലോബോ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണു നടപടി. കോൺഗ്രസ് വിളിച്ച വാർത്താസമ്മേളനത്തിലും മൈക്കിൾ ലോബോ പങ്കെടുത്തിരുന്നില്ല.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും, പ്രശ്‌നപരിഹാരത്തിനായി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും എം.എൽ.എമാർ വിട്ടു നിന്നിരുന്നു. മിനിഞ്ഞാന്ന് ചേർന്ന യോഗത്തിൽ നിന്നും ദിഗംബർ കമ്മത്ത് ഉൾപ്പടെയുള്ള നാല് എം.എൽ.എമാരാണ് വിട്ടുനിന്നത് എങ്കിൽ ഇന്ന് നടന്ന യോഗത്തിൽ നിന്നും മറ്റ് മൂന്ന് എം.എൽ.എമാർ കൂടി വിട്ടു നിന്നു. ഇതോടെ ആകെയുള്ള 11 കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിഭാഗം പേരും പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബർ കമ്മത്ത് എന്നിവരുടെ പേരുകളും പാർട്ടി വിട്ടേക്കാവുന്ന എം.എൽ.എമാരുടെ പട്ടികയിൽ ഉണ്ട്.

എതിർപ്പുള്ള എം.എൽ.എമാരെ അനുനയിപ്പിക്കാൻ ആണ് ഇന്നലെ ഗോവയിൽ കോൺഗ്രസ് അടിയന്തര യോഗം ചേർന്നത്. ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ എം.എൽ.എമാർ യോഗത്തിൽ നിന്നും വിട്ട് നിന്നത് കോൺഗ്രസ് ക്യാംപിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

Tags:    
News Summary - Goa Congress hit by mutiny within 3 months of polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.