ഗുലാം നബിയുടെ വരവിൽ ജമ്മു-കശ്മീരിൽ തിരയിളക്കം

ശ്രീനഗർ: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിന്റെ തിരയിളക്കം ജമ്മു-കശ്മീരിലും. 1970ൽ ജമ്മു-കശ്മീരിലെ ദോഡ ജില്ലയിൽനിന്നാണ് ഗുലാം നബി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്.

അര നൂറ്റാണ്ടായി കോൺഗ്രസുമായുള്ള ബന്ധം വിഛേദിച്ച് അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കിയാൽ, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായ ശേഷം ഇവിടെയുണ്ടാകുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ പുതിയ പാർട്ടിയായി അത് മാറും. 2020ൽ വ്യാപാരത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ അൽതാഫ് ബുഖാരി 'അപ്നി പാർട്ടി'ക്ക് രൂപം നൽകിയിരുന്നു.

2018ന് ശേഷം ജമ്മു-കശ്മീരിൽ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യത തെളിഞ്ഞിരിക്കുകയാണ്. ആസാദിന്റെ വരവ് മേഖലയിൽ സജീവമായ രാഷ്ട്രീയപാർട്ടികൾക്ക് പുതിയ വെല്ലുവിളിയാകും.

ചെനാബ് മേഖലയിൽ ശക്തമായ അടിത്തറയുള്ള നേതാവാണ് ഗുലാംനബി. അദ്ദേഹത്തിന്റെ പാർട്ടി കശ്മീരിലാകെ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഉറപ്പാണ്. ഗുലാംനബിയുടെ വരവോടെ ചെനാബിലെ മുസ്‍ലിം വോട്ടുകൾ വിഭജിക്കപ്പെടുകവഴി ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലും ഉണ്ട്.

കഴിഞ്ഞ കുറേ നാളുകളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുലാം നബിയും നല്ല ബന്ധത്തിലാണ്. കേന്ദ്രം അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകുകയും ചെയ്തു.നിലവിൽ ജമ്മു-കശ്മീരിൽ സജീവമായ പല രാഷ്ട്രീയക്കാരും ഗുലാംനബിയുമായി സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ട്.

പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ചുമതലയുണ്ടായിരുന്ന ഗുലാം നബി, ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ടു വർഷം മാത്രം ശേഷിക്കുമ്പോൾ പാർട്ടിവിട്ടത് കോൺഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പലരും കരുതുന്നു. വരും വർഷങ്ങളിൽ ഗുലാം നബി ജമ്മു-കശ്മീരിലെ പ്രധാന രാഷ്ട്രീയ വ്യക്തിത്വമാകുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അദ്ദേഹം മുഖ്യമന്ത്രിപദത്തിലെത്താനുള്ള സാധ്യതയും വിദൂരമല്ല.

Tags:    
News Summary - Ghulam Nabis arrival causes excitement in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.