ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ദസ്‌ന ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതി സംഘടിപ്പിച്ച ‘ഹിന്ദു മഹാപഞ്ചായത്തി’ൽ മുസ്‌ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനം.
നരസിംഹാനന്ദിന്റെ അടുത്ത അനുയായിയും ‘ഛോട്ടാ നരസിംഹാനന്ദ്’ എന്നറിയപ്പെടുന്ന അനിൽ യാദവാണ് പൊതുവേദിയിൽ മുസ്‌ലിംകളെ 'നിർമാർജനം' (സംഹാർ) ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ‘ആൾട്ട് ന്യൂസ്’ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ജൂൺ 21ന് നടന്ന സമ്മേളനത്തിൽ ആണ് അനിൽ യാദവ് തന്റെ വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ചത്. യതി നരസിംഹാനന്ദിന്റെ ‘നിഴൽ’ എന്നാണ് സ്വയം വിശേഷിപ്പിച്ച യാദവ്, മുസ്‌ലിംകളെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം ആവർത്തിച്ചു. ‘ആരാണോ ആദ്യം ഇത് ചെയ്യുന്നത്, അവർ ഈ യുദ്ധത്തിൽ വിജയിക്കും’ എന്ന് പ്രസംഗിച്ച ഇയാൾ, ‘ഗദ്ദാർ’ (രാജ്യദ്രോഹികൾ) എന്ന് വിശേഷിപ്പിച്ചവർക്കെതിരെ മരണ ഭീഷണി മുഴക്കുന്ന കവിതയും ചൊല്ലി. ഹിന്ദുക്കൾക്ക് നേരെ ആക്രമണമുണ്ടാകുന്നുവെന്ന് വാദിച്ച ഇയാൾ, ജനസംഖ്യ വർധിപ്പിക്കേണ്ടത് സമുദായത്തെ ശക്തിപ്പെടുത്താൻ അത്യാവശ്യമാണെന്നും അവകാശപ്പെട്ടു.
മിശ്ര വിവാഹങ്ങൾക്കെതിരെയും ഇയാൾ രംഗത്തെത്തി. ഗാസിയാബാദിൽ മേയ് മാസത്തിൽ നടന്ന സൂര്യ പ്രതാപ് ചൗഹാൻ എന്ന 17കാരന്റെ കൊലപാതകവും തുടർന്നുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ പ്രതി അസദ് കൊല്ലപ്പെട്ട സംഭവവും പരാമർശിച്ചാണ് ഇയാൾ വിദ്വേഷ പ്രചാരണം നടത്തിയത്. എന്നാൽ താൻ പറയുന്ന കാര്യങ്ങൾക്ക് യാതൊരുവിധ തെളിവുകളും ഇയാൾ ഹാജരാക്കിയില്ല.
അനിൽ യാദവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചെങ്കിലും, പിന്തിരിയാൻ നരസിംഹാനന്ദ് തയ്യാറായില്ല. ജൂൺ 25ന് പുറത്തുവിട്ട വീഡിയോയിൽ യാദവിന്റെ പ്രസംഗത്തെ പൂർണമായി പിന്തുണച്ച് നരസിംഹാനന്ദ് രംഗത്തെത്തി. ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെയും ചൈനയുടെ നയങ്ങളെയും ഇയാൾ പുകഴ്ത്തി. ‘ജിഹാദികൾക്കും’ ഇസ്‌ലാമിനും ഇസ്രായേലും ചൈനയും നൽകിയതുപോലെയുള്ള ഒരു ‘മറുപടി’ ഇന്ത്യ നൽകുന്നില്ലെന്നും, അതിനുള്ള ധൈര്യം ഇന്ത്യക്കില്ലെന്നും ഇയാൾ ആരോപിച്ചു.
യതി നരസിംഹാനന്ദിന് എതിരെ നേരത്തെയും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 ജനുവരിയിൽ ഹരിദ്വാർ ധർമ്മ സൻസദിൽ മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാൾ അറസ്റ്റിലായത്.
അനിൽ യാദവിനെതിരെയും സമാനമായ നിയമനടപടികൾ മുമ്പ് ഉണ്ടായിട്ടുണ്ട്. 2024ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ഇരുവരും ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായിരുന്നു. പ്രവാചകന്റെയും ഹസ്രത്ത് അലിയുടെയും കോലങ്ങൾ കത്തിക്കുമെന്ന് യാദവ് നേരത്തെ ഭീഷണി മുഴക്കിയിട്ടുമുണ്ട്.
മഹാപഞ്ചായത്തിൽ സംസാരിക്കവേ, മുസ്‌ലിംകളിൽനിന്ന് ഹിന്ദുക്കൾക്ക് ഭീഷണിയുണ്ടെന്നും സമുദായത്തെ സംരക്ഷിക്കാൻ ‘സ്വയം സജ്ജരാകണമെന്നും’ നരസിംഹാനന്ദ് ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.