ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കോടതിയിൽ അന്വേഷണ സംഘത്തിന് നൽകിയ കുറ്റസമ്മത മൊഴി നിഷേധിച്ച് പരശുറാം വാഗ്മറെ. ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തത് താനാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന് പരശുറാം വാഗ്മറെ മൊഴി നൽകിയത്.
എന്നാൽ, ബുധനാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ താനാണ് കൊലനടത്തിയതെന്ന് പരശുറാം കുറ്റസമ്മതം നടത്തിയില്ല. ഇത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഇതുവരെയും കൊലപാതകത്തിന് ഉപയോഗിച്ച തോക്കും മറ്റു മൂന്നു പ്രതികളെയും പിടികൂടാൻ കഴിയാത്തതും അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കുന്നുണ്ട്.
അതുപോലെ പ്രതികളിലൊരാളായ കെ.ടി. നവീൻകുമാർ നുണ പരിശോധനക്ക് സമ്മതമാണെന്നറിയിച്ചതും അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. നേരിട്ട് കുറ്റസമ്മത മൊഴി നൽകാനായാണ് കഴിഞ്ഞ ദിവസം പരശുറാമിനെ പരപ്പന അഗ്രഹാര ജയിൽനിന്നും കോടതിയിലെത്തിച്ചത്.
ഇതുവരെ അന്വേഷണവുമായി പൂർണമായും സഹകരിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്ത പരശുറാം അതുതന്നെ കോടതിയിൽ ആവർത്തിക്കുമെന്ന് കരുതിയെങ്കിലും മൊഴിമാറ്റി പറയുകയായിരുന്നു.
മൊഴി മാറ്റി പറഞ്ഞതോടെ ഇനി തോക്ക് ഉൾപെടെയുള്ള ആധികാരികമായ തെളിവുകൾ ശേഖരിച്ചാലെ കേസ് കോടതിയിൽ നിലനിൽക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.