ഗുവാഹത്തി: ലോക്‌സഭ എം.പി ഗൗരവ് ഗൊഗോയ് അസം കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗൊഗോയ് പാർട്ടിയെ നയിക്കും. ഭൂപൻ കുമാർ ബോറ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം. ഭൂപൻ കുമാർ ബോറ മൂന്നു വർഷമാണ് പാർട്ടിയെ നയിച്ചത്.
പി.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്ങും പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ എന്നിവർ പങ്കെടുത്തു. ചുമതലയേൽക്കുന്നതിന് മുമ്പ് ഗൊഗോയ് കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു.
മഹാത്മ ഗാന്ധി, നെഹ്റു മുതൽ പിതാവ് ഹിതേശ്വർ സൈകിയ വരെയുള്ളവരുടെ ആദർശത്തിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടതെന്നും പാർട്ടിയെ മുന്നോട്ടു നയിക്കുമെന്നും ഗൊഗോയ് മാധ്യമങ്ങളോട് വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിമർശനങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന നേതാവാണ് അസമിൽ നിന്നുള്ള എം.പിയായ ഗൗരവ് ഗൊഗോയ്. ഇതേതുടർന്ന് ഗൊഗോയിയെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയിലേക്ക് അടുത്ത കാലത്ത് ബിശ്വ ശർമ മാറിയിട്ടുണ്ട്.
വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി സംഘത്തിലെ കോൺഗ്രസ് പ്രതിനിധിയുമായി ബന്ധപ്പെട്ട് ഗൊഗോയിക്കെതിരെ പുതിയ വിവാദത്തിന് ഹിമന്ത ബിശ്വ ശർമ തിരികൊളുത്തിയിരുന്നു. ദേശസുരക്ഷ കണക്കിലെടുത്ത് ഗൗരവ് ഗൊഗോയിയെ പ്രതിനിധിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിശ്വ ശർമ എക്സിലൂടെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്ത് കൊബേണിന് പാകിസ്താനുമായി ബന്ധമുണ്ടെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ ആരോപണം.
അധികൃതരെ അറിയിക്കാതെ 15 ദിവസം ഗൊഗോയ് പാകിസ്താനിൽ താമസിച്ചിട്ടുണ്ടെന്നും പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒക്കായി ഇന്ത്യയിൽ എലിസബത്ത് ജോലി ചെയ്യുന്നുണ്ടെന്നും ഗൊഗോയിയുടെ മക്കൾ ഇന്ത്യൻ പൗരന്മാരല്ലെന്നും ശർമ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.