‘അമ്മ’യുടെ മക്കൾ ഇനി എങ്ങോട്ട്?

തമിഴ്നാട്ടിൽനിന്നെത്തുന്ന ‘അമ്മ’യുടെ മക്കൾ മറ്റ് പാർലമെൻറ് അംഗങ്ങൾക്കും ഡൽഹി രാഷ്ട്രീയത്തിനുതന്നെയും കൗതുകമാണ്. അവർ 50 പേരുണ്ട്. ഖദർ ഷർട്ടിെൻറ പോക്കറ്റിൽ അമ്മയുടെ പുഞ്ചിരിക്കുന്ന കളർചിത്രം. എടുപ്പിലും നടപ്പിലുമെല്ലാം അമ്മയോടുള്ള അമിതാരാധന. അമ്മയുടെ അടിമവേഷം എടുത്തണിഞ്ഞവർ. പ്രായഭേദമില്ലാതെ, തല നരച്ചവരും യുവാക്കളുമെല്ലാം അമ്മയുടെ മക്കൾ.

പാർലമെൻറിൽ ഒരു വിഷയം പറയാൻ എഴുന്നേറ്റാൽ, ഒരു ചോദ്യമുന്നയിച്ചാൽ, അതിനിടയിൽ അവർ ‘പുരട്ചി തലൈവി അമ്മ’യെന്ന് ചുരുങ്ങിയത് മൂന്നുവട്ടം പറഞ്ഞിരിക്കും; പറഞ്ഞിരിക്കണം. അത് അലിഖിത നിയമമാണ്.

അവർ പാർലമെൻറിൽ എഴുന്നേൽക്കണമെങ്കിൽത്തന്നെ, മദിരാശിയിൽനിന്ന് അറിയിപ്പു കിട്ടണം. അതിലെ ഉള്ളടക്കത്തിനൊത്ത വിധമാണ് ഓരോ എം.പിയുടെയും പെരുമാറ്റം.

ഇപ്പോഴത്തെ ലോക്സഭയും മോദിസർക്കാറും പാതിവഴി പിന്നിടുകയാണ്. ഇതിനിടയിൽ എഴുതിത്തയാറാക്കി കിട്ടിയ പ്രസംഗങ്ങൾ വായിച്ചവസാനിപ്പിച്ച് ഇരിക്കുന്നതിന് അപ്പുറത്തേക്ക് എ.ഐ.എ.ഡി.എം.കെയുടെ ഒറ്റ എം.പിയും രാജ്യവിചാരം നടത്തിയിട്ടില്ലെന്നാണ് മറ്റു പാർട്ടികളിലെ എം.പിമാരുടെ അടക്കം പറച്ചിൽ.

പ്രതിപക്ഷ നിരയിൽ കോൺഗ്രസ്​ കഴിഞ്ഞാൽ ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയാണ് എ.ഐ.എ.ഡി.എം.കെ. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമാണ് പാർലമെൻറിൽ അംഗബലം. ലോക്സഭയിൽ 37; രാജ്യസഭയിൽ 13 പേർ. പക്ഷേ, ജയലളിത എങ്ങനെ ചിന്തിക്കുമെന്ന ഉത്കണ്ഠയാണ് പ്രധാനമായും അവരെ ഭരിക്കുന്നത്. അമ്മയുടെ താൽപര്യങ്ങൾക്കപ്പുറത്ത് ചിന്തയില്ല; ഉൾപ്പാർട്ടി ജനാധിപത്യവും വേണ്ട.

അങ്ങനെയൊക്കെ ആരാധനാമൂർത്തിയായ അമ്മ മറയുമ്പോൾ, ഈ എം.പിമാരും പാർട്ടിയും അനാഥത്വത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. തമിഴ്നാട് രാഷ്ട്രീയത്തിെൻറ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിെൻറയും ദിശ തിരിക്കാൻ പോന്നതാണ് ജയലളിതയുടെ വേർപാട്. പാർട്ടിയിൽ ജയലളിതയുടെ പാദുകപൂജക്ക് ആളുകൾ ഏറെയുണ്ടാകാം. എന്നാൽ, പാർട്ടി അടക്കിവാഴാൻ പോന്ന നേതൃപാടവമോ ജനപിന്തുണയോ ഉള്ളവർ ആരും തന്നെയില്ലാത്ത അനാഥത്വവും അരാജകത്വവുമാണ് എ.ഐ.എ.ഡി.എം.കെ നേരിടുന്നത്.

ഒ. പന്നീർസെൽവം അടക്കമുള്ളവർ താൽക്കാലിക നീക്കുപോക്കുകൾമാത്രം. തിരുവായ്ക്ക് എതിർവായില്ലാത്ത പാർട്ടിയെ ആര്, എങ്ങോട്ടൊക്കെ ആട്ടിത്തെളിച്ചു കൊണ്ടുപോകുമെന്ന കാര്യം അനുയായികൾക്കും അണികൾക്കും അവ്യക്തം. അധികാരവും പാർട്ടിയുടെ ആസ്​തിയുമെല്ലാം തന്നിലേക്ക് കേന്ദ്രീകരിച്ചു നിർത്താൻ ആർക്കുമില്ല കെൽപ്. സിനിമാതാരങ്ങൾ നിയന്ത്രിച്ച തമിഴ്നാട് രാഷ്ട്രീയത്തിെൻറ അതേ പാരമ്പര്യം ഏറ്റെടുക്കാൻ പറ്റിയ നേതാക്കളും ഇപ്പോഴില്ല.

ഇതിെൻറ ഗുണഭോക്താക്കളാകാൻ തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികളേക്കാൾ സാധ്യത തേടുകയാണ് ബി.ജെ.പി. ദ്രാവിഡ രാഷ്ട്രീയത്തിൽനിന്ന് കാവിരാഷ്ട്രീയത്തിലേക്ക് തമിഴ്നാടിനെ വഴിനടത്താൻ ഏറെക്കാലമായി ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ബി.ജെ.പി, ഇനിയുള്ള നാളുകളിൽ ആ വഴിക്ക് തീവ്രശ്രമം നടത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാർധ്യക്യത്തിെൻറ പരാധീനതകൾ അലട്ടുന്ന കരുണാനിധിക്കും കെട്ടുറപ്പു നഷ്ടപ്പെടുന്ന ഡി.എം.കെക്കും തമിഴ്നാടിെൻറ ദ്രാവിഡ രാഷ്ട്രീയ അടിത്തറ എത്രമേൽ നിലനിർത്താൻ കഴിയുമെന്ന വലിയ ചോദ്യം ഉയരുന്നുണ്ട്.

ഭരണത്തിലും പ്രതിപക്ഷത്തും ദ്രാവിഡ രാഷ്ട്രീയം കരുത്തുകാട്ടി നിന്ന തമിഴ്നാട്ടിൽ ദേശീയപാർട്ടികളായ കോൺഗ്രസും ബി.ജെ.പിയും പതിറ്റാണ്ടുകളായി പച്ച തൊടുന്നില്ല. കോൺഗ്രസിനും ബി.ജെ.പിക്കുമൊപ്പം ചാഞ്ചാടി കരുണാനിധിയുടെയും ജയലളിതയുടെയും പാർട്ടി ദേശീയ രാഷ്ട്രീയത്തിൽ അധികാരവും പ്രതാപവും പങ്കിട്ടു പോന്നിട്ടുണ്ട്. പക്ഷേ, കേന്ദ്രാധികാരമുണ്ടായിട്ടും തലൈവി–കലൈജ്ഞർ പ്രഭാവത്തിെൻറ നിഴൽപറ്റി നിൽക്കാൻ മാത്രമാണ് കോൺഗ്രസിനും ബി.ജെ.പിക്കും ഇതുവരെ യോഗം.

ജയലളിതയും നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദത്തിെൻറ രണ്ടാം അധ്യായം ‘അമ്മ’യുടെ വേർപാടിൽനിന്ന് എഴുതിത്തുടങ്ങാനാണ് ബി.ജെ.പി ശ്രമം.

സംസ്​ഥാനത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ഡി.എം.കെയും ഒരുപോലെ ദുർബലമായി നിൽക്കുകയും, എ.ഐ.എ.ഡി.എം.കെ അനാഥരായി മാറുകയും ചെയ്ത രാഷ്ട്രീയ ചിത്രത്തിൽനിന്ന് അമ്മയുടെ മക്കളെ വലവീശിപ്പിടിക്കാനും പുതിയ വഴിയിലൂടെ നടത്താനുമുള്ള ശ്രമങ്ങൾ ഉണ്ടായേക്കും. 

Tags:    
News Summary - future of jaya's party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.