ഇന്ധന വിലവർധനക്ക് അടിയന്തര പരിഹാരം വേണം, പ്രശ്നം ലോക്സഭ ചർച്ച ചെയ്യണം -സമദാനി

ന്യൂഡൽഹി: ഇന്ധനവില ദൈനംദിനം കുതിച്ചുയരുന്ന അസാധാരണ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. മുമ്പൊരിക്കലും എവിടെയും ഉണ്ടായിട്ടില്ലാത്ത ദുസ്ഥിതിയാണ് രാജ്യത്ത് വന്നിരിക്കുന്നതെന്നും സബ്മിഷൻ അവതരിപ്പിച്ച് കൊണ്ട് സമദാനി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൻ്റെ കാലത്ത് ഇന്ധനവില പിടിച്ചുനിർത്തിയതിനെ തുടർന്ന് എണ്ണക്കമ്പനികളുടെ വരുമാനത്തിൽ ഏകദേശം 2.25 ബില്ല്യൺ ഡോളറിൻ്റെ കുറവ് വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആ നഷ്ടം നികത്താനുള്ള നീക്കമാണ് ഈ കടുത്ത വിലക്കയറ്റത്തിൻ്റെ പിറകിൽ നടക്കുന്നത്. ദിവസത്തോതിലാണ് പെട്രോളിൻ്റെയും ഡീസലിൻ്റെയും പാചകവാതകത്തിൻ്റെയും മണ്ണണ്ണയുടെയും വില ഉയർന്നു കൊണ്ടിരിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ആക്ഷേപിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിൻ്റെ ഏറ്റവും ഹീനമായ ഉദാഹരണമായിത്തീർന്നിരിക്കുന്നു ഒട്ടും കരുണയില്ലാത്ത ഈ ചൂഷണ പ്രതിഭാസം. അതിൻ്റെ അനന്തരഫലമെന്നോണം അവശ്യസാധനങ്ങളുടെ വിലയും ഉയരുകയാണ്. എണ്ണൂറ് മരുന്നുകളുടെ ക്രമീകരണമെന്ന് സർക്കാർ വിശേഷിപ്പിക്കുന്ന പുതിയ നയത്തിൻ്റെ ഫലമായി ആ മരുന്നുകളെയും വിലക്കയറ്റം ബാധിച്ചു. സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. അത് അവരുടെ ജീവിതത്തിൻ്റെ സകല മേഖലകളെയും ബാധിച്ച് കഴിഞ്ഞു.സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ഈ കടുത്ത സാമ്പത്തിക ദുരിതത്തിന് അന്ത്യമുണ്ടാകണം. അതിന് സർക്കാർ നടപടി സ്വീകരിക്കണം -സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - fuel price hike needs an immediate solution and the issue should be discussed in the Lok Sabha - Samadani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.