ന്യൂഡൽഹി: മാർച്ച് എട്ടുമുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ സുരക്ഷ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാൻ ശനിയാഴ്ച ഡൽഹിയിൽ അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനുശേഷം അമിത് ഷായുടെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യ സുരക്ഷ അവലോകന യോഗമാണിത്.
മണിപ്പൂരില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്കാൻ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപാര ശൃംഖല തകർക്കാനും അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാൻ അന്താരാഷ്ട്ര അതിര്‍ത്തിയിലെ പ്രവേശന പോയന്റുകളുടെ ഇരുവശത്തുമുള്ള വേലി നിർമാണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ കുമാർ ദേക, ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ്, ആർമി കമാൻഡർ ഈസ്റ്റേൺ കമാൻഡ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), അസം റൈഫിൾസ് എന്നിവയുടെ ഡയറക്ടർ ജനറൽമാർ അടക്കമുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.