മറ്റൊരു മനുഷ്യനോട് എത്രത്തോളം ക്രൂരത കാട്ടാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഫലസ്തീൻ: നേഹ ബോറ
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളിൽ ‘ഫ്രീ ഫലസ്തീൻ’ എന്ന മുദ്രാവാക്യം എപ്പോഴും മുഴങ്ങുന്നത് എന്തുകൊണ്ടാണെന്നും ബിജെപി എന്തുകൊണ്ടാണ് ഇതിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നതെന്നും വ്യക്തമാക്കി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ.
നിലവിൽ നടക്കുന്ന എസ്ഐആർ) ക്രമക്കേടുകൾക്കെതിരെ ശക്തമായി ശബ്ദമുയർത്തുകയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിന്റെ ഉത്തരവാദിത്തം ചോദ്യം ചെയ്യുകയും ചെയ്യുന്ന നേഹ, ‘ഫ്രീ ഫലസ്തീൻ’ എന്ന മുദ്രാവാക്യവും പ്രസ്ഥാനവും അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടം, സഹാനുഭൂതി, മാനവിക സ്വാതന്ത്ര്യം എന്നിവയിൽ വേരൂന്നിയതാണെന്ന് വ്യക്തമാക്കി. ബിജെപിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്ര നിലപാടുകൾക്ക് ഇത് തികച്ചും വിരുദ്ധമാണെന്നും അവർ വാദിച്ചു.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് എത്രത്തോളം ക്രൂരത കാട്ടാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഫലസ്തീൻ. അധികാരം കൈയിലുള്ളവർക്ക് അധികാരമില്ലാത്തവരെ നിരന്തരം അടിച്ചമർത്താൻ കഴിയില്ലെന്നതാണ് ഫലസ്തീൻ ജനതയുടെയും അവർക്കൊപ്പം നിൽക്കുന്നവരുടെയും അടിസ്ഥാനപരമായ പോരാട്ടം.
സഹാനുഭൂതി കാണിക്കുകയെന്നതാണ് മനുഷ്യത്വത്തിന്റെ അടയാളമെന്നും ഇതിന്റെ പ്രാധാന്യം യഥാർഥത്തിൽ മനസ്സിലാക്കുന്ന ഏതൊരാളും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെ നിൽക്കുമെന്നും അവർ പറഞ്ഞു.
‘അധികാരമുണ്ട് എന്ന ഒരൊറ്റക്കാരണത്താൽ കൊല്ലാനും അക്രമിക്കാനും ബലാത്സംഗം ചെയ്യാനും ഒരു സംസ്കാരത്തെത്തന്നെ തകർത്തെറിയാനുമുള്ള പൂർണ സ്വാതന്ത്ര്യം തുടർന്നുപോകാൻ അനുവദിക്കാനാകില്ല. ഒരു മനുഷ്യസമൂഹം എന്ന നിലയിൽ നമ്മിൽ വിശുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ സഹാനുഭൂതിയാണ്. സഹാനുഭൂതി എന്തുകൊണ്ട് പ്രധാനമാണെന്നും മനുഷ്യസമൂഹം എന്താണ് സംരക്ഷിക്കേണ്ടതെന്നും യഥാർഥത്തിൽ മനസ്സിലാക്കുന്നതിന്റെ അടയാളമാണ് ഫലസ്തീനൊപ്പം നിൽക്കുക എന്നത്’-നേഹ ചൂണ്ടിക്കാട്ടി.
ബിജെപിയും ആർഎസ്എസും ഇസ്രായേലും ഒരൊറ്റ സമൂഹമെന്ന സങ്കൽപത്തെ പിന്തുണക്കുകയും മറ്റുള്ളവരെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന ഒരേ പ്രത്യയശാസ്ത്രമാണ് പങ്കുവെക്കുന്നതെന്നും അവർ ആരോപിച്ചു. ‘വാഗ്ദത്ത ഭൂമിയെക്കുറിച്ചും മഹത്വവൽക്കരിക്കപ്പെട്ട ഭൂതകാലത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കി സമൂഹത്തിലെ ഒരുവിഭാഗത്തെ ഇല്ലാതാക്കാനാണ് ഇസ്രായേൽ നിലകൊള്ളുന്നത്. ഇതേ രാഷ്ട്രീയമാണ് ഇന്ത്യയിൽ ആർഎസ്എസിലും കാണുന്നത്. അവർ ഒരുവിഭാഗം ജനങ്ങളെ ‘മറ്റുള്ളവരായി’ കാണുകയും അവർക്കെതിരായ അക്രമങ്ങളെയും കൂട്ടക്കൊലകളെയും ന്യായീകരിക്കുകയും ചെയ്യുന്നു."
പാർലമെന്റിൽ അധികാരം കൈയാളുന്നതിന് ഉപരിയായി രാജ്യത്തെ സാധാരണക്കാരായ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലും ബി.ജെ.പി അധികാരം സ്ഥാപിക്കുകയാണ്. അതുകൊണ്ടാണ് ആർഎസ്എസും ബിജെപിയും എപ്പോഴും ഇസ്രായേലിനൊപ്പം നിൽക്കുന്നതെന്നും നേഹ ബോറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.